Kerala

ജി. സുധാകരന് വക്കീല്‍ നോട്ടീസ്: ‘പൊളിട്ടിക്കല്‍ ക്രിമിനല്‍’ എന്നു വിളിച്ചാക്ഷേപിച്ചെന്ന്

അമ്പലപ്പുഴ എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ ജി.സുധാകരനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സി.പി.എം നേതാവ്. മാധ്യമങ്ങളിലൂടെ തനിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ‘പൊളിറ്റിക്കല്‍ ക്രിമിനല്‍’ എന്ന് വിളിച്ച് അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ആലപ്പുഴ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും നഗരസഭയിലെ എല്‍.ഡി.എഫ് കക്ഷി നേതാവുമായ വി.ജി വിഷ്ണുവാണ് ജി. സുധാകരനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്.

മാധ്യമങ്ങളിലൂടെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്ക് 70 ലക്ഷം രൂപ മാനനഷ്ടം നല്‍കണമെന്നാണ് വക്കീല്‍ നോട്ടീസിലെ പ്രധാന ആവശ്യം. പരസ്യമായി നടത്തിയ ഈ അധിക്ഷേപ പ്രസ്താവനകള്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ജി.സുധാകരനെതിരെ തുടര്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വി.ജി വിഷ്ണു അയച്ച വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.

ആലപ്പുഴയിലെ സിപിഎം നേതാക്കളുമായി സുധാകരന്‍ തുടരുന്ന വാക്‌പോരുകളുടെ തുടര്‍ച്ചയാണ് ഈ നിയമനടപടി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ഒളിമ്പിക്‌സ് അസോസിയേഷന്‍ ഭാരവാഹിയുമായ വി.ജി വിഷ്ണുവിനെതിരെ, അടുത്ത കാലത്തായി മാധ്യമങ്ങളിലൂടെ ജി. സുധാകരന്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിഷ്ണുവിനെ ‘പൊളിറ്റിക്കല്‍ ക്രിമിനല്‍’ എന്ന് വിശേഷിപ്പിച്ചതാണ് ഇപ്പോള്‍ മാനനഷ്ടക്കേസിലേക്കും വക്കീല്‍ നോട്ടീസിലേക്കും നയിച്ചത്.