Opinion

സ്വകാര്യ സംഘടനകള്‍ നടത്തുന്ന അവാര്‍ഡ് പരിപാടികള്‍ വന്‍തട്ടിപ്പ്: നിയന്ത്രിക്കണമെന്ന് സാംസ്‌ക്കാരിക മന്ത്രിക്ക് നിവേദനം

സംസ്ഥാനത്ത് കൂണുപോലെ മുളയ്ക്കുന്ന സ്വകാര്യ സംഘടനകള്‍, അന്തരിച്ച പ്രഗത്ഭരായ മലയാള സിനിമാ താരങ്ങളുടെ പേരില്‍ നടത്തുന്ന അവാര്‍ഡ് നിശകള്‍ വന്‍ തട്ടിപ്പു പരിപാടിയാണെന്ന് ആക്ഷേപം. ഇത്തരം പരിപാടികള്‍ക്ക് കടുത്ത നിയന്ത്രണം കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് സാംസ്‌ക്കാരിക മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കിയിരിക്കുകയാണ് ഫെഫ്ക പി.ആര്‍.ഒ. യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗം പി.ആര്‍. സുമേരന്‍. വ്യാപകമായി ഇതിന് എതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഇത്തരം അവാര്‍ഡുകളുടെ പൊള്ളത്തരങ്ങളിലൂടെ അപകീര്‍ത്തിപ്പെടുന്നത് ലോകം മുഴുവന്‍ ആദരിക്കുന്ന മഹാന്മാരായ വിഖ്യാത ചലച്ചിത്ര പ്രതിഭകളാണ്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വകുപ്പിന് കഴിയുന്ന രീതിയില്‍ ഇടപെടണമെന്നും നിവേദനത്തില്‍ പറയുന്നു.

ഇവരുടെ പേരുകള്‍ ഉപയോഗിച്ച് അവാര്‍ഡ് കമ്മറ്റികള്‍ രൂപീകരിക്കും. എന്നിട്ട്, തങ്ങള്‍ക്ക് ഇഷ്ടവും താല്പര്യവും ഉള്ളവര്‍ക്ക് അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. ഇത്തരം തട്ടിക്കൂട്ട് അവാര്‍ഡ് കമ്മറ്റികള്‍ക്കൊന്നും കൃത്യമായ അവാര്‍ഡ് നിര്‍ണ്ണയ മാനദണ്ഡങ്ങള്‍ പോലുമില്ല. മഹാരഥന്മാരയ ചലച്ചിത്ര പ്രതിഭകളുടെ മരണം കാത്തിരിക്കുകയാണ് ചില അവാര്‍ഡ് കമ്മിറ്റിക്കാരെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രവേശന ഫീസ് ഇനത്തില്‍ 1000 മുതല്‍ 5000 രൂപ വരെ കമ്മറ്റികള്‍ വാങ്ങുന്നുണ്ട്. എന്നാല്‍, തിരിച്ച് 250 രൂപയുടെ ഫലകവും, 15രൂപയുടെ പ്രിന്റ് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കും. നിരവധി എന്‍ട്രികള്‍ അവാര്‍ഡ് പരിഗണനയ്ക്കായി വരാറുമുണ്ട്. ഇതിലൂടെ പ്രവേശന ഫീസായി വലിയ തുക ഇത്തരം തട്ടിക്കൂട്ട് സംഘടനകള്‍ക്ക് കിട്ടാറുണ്ട്.

എന്നാല്‍ അവാര്‍ഡ് നിശയും, അവാര്‍ഡ് പാരിതോഷികങ്ങളും സ്വകാര്യസ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതാണ്. നല്ല വിളവ് കിട്ടുന്ന ഒരു കൃഷിയായി ചലചിത്ര അവാര്‍ഡുകള്‍ കേരളത്തില്‍ മാറിയിട്ടുണ്ടെന്നും സുമേരന്റെ നിവേദനത്തില്‍ പറയുന്നു.

നിവേദനം പൂര്‍ണ്ണ രൂപത്തില്‍

ബഹു: സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ പി.സി. വിഷ്ണുനാഥ് അവറുകളുടെ പരിഗണനക്ക് ,
(പി.ആര്‍ സുമേരന്‍ ഫെഫ്ക പി.ആര്‍ ഒ യൂണിയന്‍ എക്‌സിക്യൂട്ടിവ് അംഗം, മാക്ട, അംഗം, മാധ്യമ പ്രവര്‍ത്തകന്‍).

വിഷയം: സ്വകാര്യ അവാര്‍ഡുകളുടെ പേരില്‍ അന്തരിച്ച ചലച്ചിത്ര പ്രതിഭകളെ അപമാനിക്കുന്നതിന് സാംസ്‌കാരിക മന്ത്രിക്ക് നിവേദനം.

സര്‍ ,
അന്തരിച്ച ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ പേരില്‍ സ്വകാര്യ സംഘടനകള്‍ നടത്തിവരുന്ന അവാര്‍ഡ് പരിപാടികള്‍ നിയന്ത്രിക്കാന്‍ അങ്ങയുടെ സാംസ്‌കാരിക വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആദ്യമേ, അപേക്ഷിക്കുന്നു. മലയാള സിനിമാ രംഗത്ത് വര്‍ദ്ധിച്ചു വരുന്ന സ്വകാര്യ സിനിമാ അവാര്‍ഡുകള്‍ക്ക് പിന്നിലെ കള്ളക്കളികള്‍ ഇനിയെങ്കിലും നിര്‍ത്തലാക്കണം. ഓരോ ദിവസവും കൂണുകള്‍ കണക്കെ മുളച്ച് പൊന്തുന്ന സിനിമ അവാര്‍ഡുകള്‍ സമൂഹത്തിലെ മലിനമായ ഒരു കാഴ്ചയായി മാറുകയാണ്.

ലോകപ്രശസ്ത ചലച്ചിത്ര പ്രതിഭകളുടെയും മലയാളത്തിലെ മഹാരഥന്മാരായ ചലച്ചിത്രകാരന്മാരുടെയും പേരില്‍ ഏര്‍പ്പെടുത്തുന്ന സിനിമാ അവാര്‍ഡുകള്‍ വെറും തട്ടിപ്പ് പരിപാടിയെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്. വ്യാപകമായി ഇതിന് എതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഇത്തരം അവാര്‍ഡുകളുടെ പൊള്ളത്തരങ്ങളിലൂടെ അപകീര്‍ത്തിപ്പെടുന്നത് ലോകം മുഴുവന്‍ ആദരിക്കുന്ന മഹാന്മാരായ വിഖ്യാത ചലച്ചിത്ര പ്രതിഭകളാണ്. ഇവരുടെ പേരുകള്‍ ഉപയോഗിച്ചാണ് അവാര്‍ഡ് കമ്മറ്റികള്‍ രൂപീകരിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടവും താല്പര്യവും ഉള്ളവര്‍ക്ക് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതും. ഇത്തരം തട്ടിക്കൂട്ട് അവാര്‍ഡ് കമ്മറ്റികള്‍ക്കൊന്നും കൃത്യമായ അവാര്‍ഡ് നിര്‍ണ്ണയ മാനദണ്ഡങ്ങള്‍ ഇല്ലയെന്നതാണ് മറ്റൊരു വസ്തുത.

സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ പ്രചരിപ്പിക്കുവാനും ചലച്ചിത്രരംഗത്ത് പേരും പെരുമയും നേടാനുള്ള തന്ത്രങ്ങളാണ് ഈ പല അവാര്‍ഡ് പ്രഖ്യാപനങ്ങളും. തങ്ങള്‍ക്ക് താല്പര്യം ഉള്ളവരെ അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നത് പോലും പണം വാങ്ങിയാണെന്നും വ്യാപക ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊണ്ട് നല്‍കുന്ന അവാര്‍ഡുകള്‍ പലപ്പോഴും യഥാര്‍ത്ഥ അവാര്‍ഡിനര്‍ഹരായ പലരെയും അപമാനിക്കുന്നതിന് തുല്യമാണ്. തങ്ങള്‍ക്ക് താല്പര്യമുള്ളവര്‍ക്ക് നല്‍കാനാണ് പല അവാര്‍ഡുകളും സംഘടിപ്പിക്കുന്നതും നല്കുന്നതും. ഇതൊക്കെ തെറ്റായ സന്ദേശമാണ് സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത്.

മഹാരഥന്മാരയ ചലച്ചിത്ര പ്രതിഭകളുടെ മരണം കാത്തിരിക്കുകയാണ് ചില അവാര്‍ഡ് കമ്മിറ്റികള്‍. പ്രവേശന ഫീസ് ഇനത്തില്‍ 1000 വും, 5000 രവും കമ്മറ്റികള്‍ വാങ്ങുമ്പോള്‍ 250 രൂപയുടെ ഫലകവും, 15രൂപയുടെ പ്രിന്റ് സര്‍ട്ടിഫിക്കറ്റും കൊടുക്കും. പല വിഭാഗങ്ങളിലായി 250തിലധികം എന്‍ട്രികള്‍ കമ്മറ്റി മുമ്പാകെ വരാറുണ്ട് എന്നാണറിവ് ഇതിലൂടെ പ്രവേശന ഫീസായി വലിയ തുക കമ്മറ്റിക്ക് കിട്ടാറുണ്ട്. എന്നാല്‍ അവാര്‍ഡ് നിശയും, അവാര്‍ഡ് പാരിതോഷികങ്ങളും സ്വകാര്യസ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതാണ്. നല്ല വിളവ് കിട്ടുന്ന ഒരു കൃഷിയായി ചലചിത്ര അവാര്‍ഡുകള്‍ കേരളത്തില്‍ മാറിയിട്ടുണ്ട്. അവാര്‍ഡ് കമ്മിറ്റികളുടെ പേരിലെ മഹത്വം മനസിലാക്കി മന്ത്രിമാരും, പൗരപ്രമുഖരും അവാര്‍ഡ് നിശയില്‍ പങ്കാളികളാവുന്നു.

ഇതിനിടെ അവാര്‍ഡ് നിശകളില്‍ പ്രമുഖര്‍ പങ്കെടുക്കുമെന്ന പ്രതീക്ഷയില്‍ പ്രമുഖര്‍ക്ക് അവാര്‍ഡ് പ്രഖ്യാപിക്കുന്നു. എന്നാല്‍ അവര്‍ വന്നില്ലായെങ്കില്‍ വേദിയിലുള്ളവര്‍ക്ക് അവാര്‍ഡ് നല്കി കമ്മിറ്റിക്കാര്‍ നല്കുകയാണ് പതിവ്. അംഗീകാര മികവിന് അര്‍ഹതയുള്ള സിനിമകളെയും , പ്രതിഭകളെയും അവഗണിച്ച് ചില അനര്‍ഹര്‍ക്ക് അവര്‍ഡ് കൊടുക്കുകയും ചെയ്യുന്നു.അവാര്‍ഡ് പ്രഖ്യാപിക്കപ്പെട്ട പ്രമുഖര്‍ ചടങ്ങിന് വരാതെയിരിക്കുമ്പോള്‍ ആ അവാര്‍ഡ് സ്വന്തക്കാര്‍ക്ക് കൊടുക്കുന്ന ഒരു ഏര്‍പ്പാടായി അവാര്‍ഡ് നിശ മാറുന്നുണ്ട്. പലപ്പോഴും അവാര്‍ഡ് ജൂറികളുടെ അറി വേടെയല്ല കാര്യങ്ങള്‍ നടക്കുന്നത് എന്ന ആക്ഷേപം ഉണ്ട്. ഇതിനിടെ ജൂറിയഗംങ്ങള്‍ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ സത്യസന്ധമായി ഇടപെടാറില്ല എന്ന വസ്തുതയും നിലനില്ക്കുന്നുണ്ട്.

അടുത്തിടെയായി ഇത്തരം അവാര്‍ഡ് കമ്മറ്റികള്‍ വര്‍ദ്ധിച്ചുവരുകയാണ്. ഏതെങ്കിലും ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ മരിച്ചാല്‍ പോലും പിറ്റേദിവസം അയാളുടെ പേരില്‍ അവാര്‍ഡ് പ്രഖ്യാപിക്കുന്ന രീതിയും വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിനിടെ ചില മാധ്യമങ്ങളും ചലച്ചിത്ര അവാര്‍ഡ് നിശയും മറ്റും സംഘടിപ്പിക്കുന്നുണ്ട്. അതൊക്കെ തന്നെ ലക്ഷങ്ങള്‍ മാറിമറിയുന്ന മെഗാമേളകള്‍ തന്നെയാണ്. അത്തരം മേളകളെ ചുവടുപിടിച്ചാണ് ചലച്ചിത്ര പ്രതിഭകളുടെ പേരില്‍ ചില തല്പരകക്ഷികള്‍ അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. ഈ വിഷയത്തിന്റെ പ്രാധ്യാന്യം അറിഞ്ഞ് കഴിയുവിധം വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

എന്ന് ബഹുമാനത്തോടെ
പി.ആര്‍ സുമേരന്‍

Latest News