ന്യൂഡല്‍ഹി : എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂര്‍ പൂരം കലക്കാന്‍ ശ്രമിച്ചെന്ന് ആരോപണം നേരിടുന്ന ഒരു ഉദ്യോഗസ്ഥന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി ഇരിക്കാന്‍ പാടില്ലെന്നാണ് സിപിഐ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ഭരണം മാറിയത്‌കൊണ്ട് ആ നിലപാടിന് മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എം ആര്‍ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തില്‍ സിപിഐക്ക് ഒരു വാശിയുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എല്ലാത്തിലും ഉപരി ഇടതു പക്ഷ ഐക്യമാണ് പ്രധാനപ്പെട്ടതെന്ന് സിപിഐക്ക് അറിയാം. ആ ഐഖ്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി കേരളത്തിലെ എല്‍ഡിഎഫിനെ കൊണ്ടുപോകാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി സിപിഐ-സിപിഐഎം തര്‍ക്കമില്ല. സിപിഐഎം ബന്ധം ഊഷ്മളമാക്കാനാണ് സിപിഐ ശ്രമിക്കുന്നത്. സിപിഐയുടെ വാതില്‍ ചര്‍ച്ചക്കായി എപ്പോഴും തുറന്നിടുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുടെ എല്ലാക്കാലത്തെയും ഏറ്റവും വലിയ സഖ്യശക്തി സിപിഐഎം ആണെന്നും അദ്ദേഹം പറഞ്ഞു.
















