Kerala

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: സമ്പൂര്‍ണ എക്സിം (കയറ്റുമതി-ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്തമാസം 18 മുതല്‍ തുടക്കം

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും രാജ്യത്തിന്റെ സമുദ്രമേഖലയിലും ചരിത്രപരമായ നാഴികക്കല്ലായി മാറുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂര്‍ണ എക്സിം (കയറ്റുമതി–ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. അടുത്ത മാസം 18(ഓഗസ്റ്റ്) മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതോടെ ട്രാന്‍ഷിപ്മെന്റ് തുറമുഖത്തില്‍ നിന്നും സമ്പൂര്‍ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും. ആദ്യ കയറ്റുമതി കണ്ടെയ്നര്‍ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത് ചെയ്യും. തുടര്‍ന്ന് ‘മിഷന്‍ സമുദ്ര’ ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കും. ആഗോള ഷിപ്പിംഗ് കമ്പനികള്‍, ലോജിസ്റ്റിക്സ് സ്ഥാപനങ്ങള്‍, കയറ്റുമതിക്കാര്‍, നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ കേരളത്തിന്റെ മാരിടൈം സാമ്പത്തിക വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതോടൊപ്പം മിഷന്‍ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും.

കേരള സര്‍ക്കാര്‍-അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ (APSEZ) സംയുക്ത പൊതുസ്വകാര്യ പങ്കാളിത്ത (PPP) മാതൃകയില്‍ വികസിപ്പിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിലെ അതിവേഗം വളരുന്ന കണ്ടെയ്നര്‍ തുറമുഖങ്ങളിലൊന്നായി മാറിയിട്ടുണ്ട്. വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ച് 18 മാസത്തിനുള്ളില്‍ 20 ലക്ഷം ടി.ഇ.യു. (TEUs) കണ്ടെയ്നര്‍ കൈകാര്യം ചെയ്യുകയും ലോകത്തിലെ ഏറ്റവും വലിയ മദര്‍ഷിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തതിലൂടെ ലോകോത്തര മാരിടൈം ഹബ്ബെന്ന ശേഷി വിഴിഞ്ഞം തുറമുഖം തെളിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി എക്സിം സേവനങ്ങള്‍ ആരംഭിക്കുന്നതിലൂടെ വിഴിഞ്ഞം സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറും. ഇതിലൂടെ ചരക്ക് ഗതാഗതച്ചെലവ് കുറയുകയും വിതരണ ശൃംഖല കൂടുതല്‍ കാര്യക്ഷമമാകുകയും കയറ്റുമതി മത്സരക്ഷമത വര്‍ധിക്കുകയും പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുകയും ചെയ്യും.

എക്സിം പ്രവര്‍ത്തനങ്ങളുടെ തുടക്കം സംസ്ഥാന സര്‍ക്കാരിന്റെ ദീര്‍ഘകാല സമുദ്ര വികസന ദൗത്യമായ മിഷന്‍ സമുദ്രയുടെ സുപ്രധാന നാഴികക്കല്ലാകും. തുറമുഖങ്ങള്‍, ലോജിസ്റ്റിക്സ്, നിര്‍മ്മാണ മേഖല, ഉള്‍നാടന്‍ ജലഗതാഗതം, മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റി എന്നിവയെ സമന്വയിപ്പിച്ച് രാജ്യത്തെ പ്രമുഖ മാരിടൈം- ലോജിസ്റ്റിക്സ് കേന്ദ്രമായി കേരളത്തെ മാറ്റുകയെന്നതാണ് മിഷന്‍ സമുദ്രയുടെ ലക്ഷ്യം.

ഇന്ത്യയിലെ ആദ്യ ആഴക്കടല്‍ ട്രാന്‍ഷിപ്മെന്റ് തുറമുഖവും ദക്ഷിണേഷ്യയിലെ ആദ്യ സമ്പൂര്‍ണ ഓട്ടോമേറ്റഡ് കണ്ടെയ്നര്‍ തുറമുഖവുമായ വിഴിഞ്ഞം, എല്ലാ ഷിപ്പിംഗ് കമ്പനികള്‍ക്കും ഒരുപോലെ സേവനം ലഭ്യമാക്കുന്നതും (Open access) പൊതുഉപയോഗത്തിനുള്ളതുമായ (Common User) തുറമുഖമായി പ്രവര്‍ത്തനം തുടരും. ഇതിലൂടെ ആഗോള മാരിടൈം വ്യാപാര രംഗത്ത് ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടും.