Entertainment

ഫിഫ ലോകകപ്പ് ഫൈനല്‍: ആവേശം അതിരുവിട്ടാല്‍ കേസാകും

ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ വിജയാഘോഷങ്ങള്‍ക്ക് നിയന്ത്രണവുമായി പൊലീസ്. ആഘോഷം അതിരു കടക്കരുതെന്ന് കോഴിക്കോട് സിറ്റി കമ്മീഷണര്‍ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി. അപകടകരമായ ബൈക്ക് റേസിങ്, വാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങള്‍, മദ്യപിച്ച് വാഹനമോടിക്കല്‍, അമിതവേഗത യാത്ര, പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ പടക്കം പൊട്ടിക്കല്‍, പൊതുജന സമാധാനം തകര്‍ക്കുന്ന മറ്റുപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് നിരോധനമേര്‍പ്പെടുത്തിയത്.

ആഘോഷങ്ങളുടെ പേരില്‍ നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ BNS/BNSS എന്നീ നിയമങ്ങള്‍ക്കും മോട്ടോര്‍ വാഹന നിയമങ്ങള്‍ക്കും അനുസൃതമായി നടപടി സ്വീകരിക്കുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. കായികമത്സരങ്ങളുടെ വിജയാഹ്ലാദങ്ങള്‍ സമാധാനപരമായും നിയമം പാലിച്ചും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിച്ചും നടത്തണം. മാതാപിതാക്കളും വാഹന ഉടമകളും പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ ആരും നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണ്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും നഗരത്തില്‍ സമാധാനവും ക്രമസമാധാനവും നിലനിര്‍ത്തുന്നതിനുമായി കോഴിക്കോട് സിറ്റി പൊലീസ് സ്വീകരിക്കുന്ന നടപടികളോട് പൊതുജനങ്ങള്‍ പൂര്‍ണ സഹകരണം നല്‍കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.