രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ പ്രതിഷേധിച്ചുള്ള കോക്രോച്ച് ജനത പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം. യുവാക്കള്‍ക്ക് നേരെ ഡല്‍ഹി പൊലീസ് ലാത്തി വീശി. സമരത്തെ നിരോധനാജ്ഞയിലൂടെ നേരിടാനാണ് പൊലീസ് ശ്രമിക്കുന്നത്. എന്നാല്‍ എല്ലാ നിയന്ത്രണങ്ങളും മറികടന്നുകൊണ്ട് മാര്‍ച്ച് നടത്തുമെന്നാണ് സിജെപിയുടെ നിലപാട്. ജന്തര്‍ മന്തറിന് സമീപത്തായി ആളുകള്‍ കൂട്ടം കൂടുകയോ പ്രതിഷേധിക്കുകയോ ചെയ്താല്‍ കേസെടുക്കുമെന്ന് ഡല്‍ഹി പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. മേഖലയിലുടനീളം മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട കൂടുതല്‍ ദൃശ്യങ്ങള്‍ ലഭ്യമല്ല. നിലവില്‍ നൂറുകണക്കിന് യുവാക്കളാണ് ജന്തര്‍ മന്തറിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
മാര്‍ച്ചിനെ നേരിടുന്നതിന്റെ ഭാഗമായി അഞ്ച് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ജന്‍പഥ്, രാജീവ് ചൗക്, പട്ടേല്‍ ചൗക്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, സേവതീര്‍ത്ഥ് എന്നീ സ്റ്റേഷനുകളാണ് അടച്ചത്. മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ മെട്രോ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു. സുരക്ഷാ കാരണങ്ങളാലാണ് സ്റ്റേഷനുകള്‍ അടച്ചിടുന്നതെന്ന് ഡിഎംആര്‍സി പറയുന്നു. അതിനിടെ, 20 ദിവസത്തിലേറെയായി നിരാഹാര സമരം തുടരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്, തന്റെ മൂന്ന് പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എക്‌സില്‍ പങ്കുവെച്ച കത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരാജയങ്ങളില്‍, പ്രത്യേകിച്ച് നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തം ഏല്‍ക്കുകയാണെങ്കില്‍ നിരാഹാരം അവസാനിപ്പിക്കാം എന്നതാണ് ആദ്യത്തേത്. താനും സിജെപി നേതാക്കളും ഇന്ന് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച് പാര്‍ലമെന്റിന് മുന്നിലെത്തുമ്പോള്‍ വിവിധ പാര്‍ട്ടികളിലെ എംപിമാരും നേതാക്കളും വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കാമെന്ന് ഉറപ്പ് നല്‍കുകയാണെങ്കില്‍ തന്റെ സമരം അവസാനിപ്പിക്കാം എന്നാണ് രണ്ടാമതായി വാങ്ചുക് പറയുന്നത്. മൂന്നാമതായി ആരോഗ്യം അനുവദിക്കുന്നില്ലെങ്കില്‍ താനുള്ള ആശുപത്രിയിലെത്തി ഇതേ എംപിമാരും നേതാക്കളും വിഷയം ഏറ്റെടുത്ത് പാര്‍ലമെന്റില്‍ അവതരിപ്പിക്കാമെന്ന് വാക്കുനല്‍കിയാല്‍ നിരാഹാരം അവസാനിപ്പിക്കാമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
















