പിരിച്ചുവിട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം കൂടി നൽകി കോറോ ഹെൽത്ത്. തിരുവനന്തപുരത്ത് വെച്ച് നടത്തിയ ചർച്ചയുടെ ഭാഗമായാണ് പിരിച്ച് വിടൽ ആനുകൂല്യമായി തുക നൽകിയത്. നേരത്തെ 2 മാസത്തെ ശമ്പളം നൽകിയിരുന്നു. സംസ്ഥാനത്ത് കമ്പനിയ്ക്ക് മുന്നോട്ടു കൊണ്ടുപോകാൻ ആകില്ല എന്ന് നിലപാടെടുത്തതോടെയാണ് ജീവനക്കാർക്ക് അഞ്ചുമാസത്തെ കൂടി ശമ്പളം നൽകാൻ ധാരണയായത്.
മന്ത്രി ബിന്ദു കൃഷ്ണയുടെയും ഉമ തോമസ് എംഎൽഎയുടെയും അധ്യക്ഷതയിൽ ചേർന്ന ചർച്ചയിലായിരുന്നു അഞ്ച് മാസത്തെ കൂടി ശമ്പളം നൽകാമെന്ന തീരുമാനം ഉണ്ടായത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കോറോ ഹെൽത്ത്. രാജ്യാന്തര സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ടപിരിച്ചു വിടലിനു കാരണം എന്നാണ് കമ്പനിയുടെ ന്യായീകരണം. എന്നാൽ രേഖകൾ പരിശോധിച്ചതിൽ നിന്നും കമ്പനിയ്ക്ക് നഷ്ട്ടം ഉണ്ടായിട്ട് ഇല്ലന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
പിരിച്ചുവിടപ്പെട്ടവരിൽ ഒരു വിഭാഗത്തെ മറ്റു ഇടങ്ങളിലേക്ക് പരിഗണിക്കാമെന്ന് കമ്പനി ഉറപ്പു നൽകിയെങ്കിലും കമ്പനിയുടെ തൊഴിൽ ചൂഷണം ചൂണ്ടിക്കാട്ടി തൊഴിലാളികൾ പിന്മാറുകയായിരുന്നു. ഇതോടെയാണ് ഏഴുമാസത്തെ സാലറിയും മറ്റു സർട്ടിഫിക്കറ്റുകളും നൽകാമെന്ന ധാരണയിലേക്ക് കമ്പനി അധികൃതർ എത്തിയത്.
STORY HIGHLIGHT : Mass layoffs at corro Health; company pays employees an additional five months salary
















