ഡൽഹി: ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ലസ് ടു വിദ്യാർഥിനിയായ മാളവികയാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം പരാമർശം പിൻവലിച്ചു മാപ്പ് പറയണം എന്നും സോഷ്യൽ മീഡിയയിൽ നിന്നും വീഡിയോ നീക്കം ചെയ്യണം എന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. ”ഫേസ്ബുക്ക് ലൈവിൽ സമരത്തിൽ ആളുകൾ വെള്ളമടിക്കാനും കള്ളുകുടിക്കാനും പിന്നെ സൌജന്യ ഭക്ഷണത്തിനും വേണ്ടിയാണ് വരുന്നതെന്നും രാത്രികാലങ്ങളിൽ അട്രോസിറ്റിയാണ് ഇവിടെ നടക്കുന്നത് എന്നുമാണ് മേജർ രവി പറഞ്ഞതെന്ന്” മാളവിക ചൂണ്ടിക്കാട്ടി.
ജന്തർ മന്തറിലെ പ്രക്ഷോഭത്തിന് പിന്നിൽ വിദേശ ഗൂഢാലോചനയുണ്ടെന്നും മേജർ രവി ആരോപിച്ചു. ‘പലരും ചോദിച്ചു തുടങ്ങിയിരുന്നു നീറ്റിന്റെ പ്രക്ഷോഭം ഡൽഹിയിൽ നടക്കുകയാണ്, എന്താണ് ഒരു പ്രതികരണവും കണ്ടില്ല എന്ന്. ആദ്യം കാണുന്ന സമയത്ത് നമുക്കെല്ലാവർക്കും ഉള്ള ഒരു ഫീലിംഗ് പോലെ തന്നെയാണ് എനിക്കുണ്ടായത്. കുട്ടികളെ അടിക്കുന്നു അല്ലെങ്കിൽ അതിന്റെ ഷോട്ടുകൾ കാണുന്ന സമയത്ത് നമുക്ക് വിഷമം തോന്നും. കുട്ടികളെ വെറുതെ അടിക്കുകയാണ് എന്നുള്ളതല്ല, പക്ഷെ അതിൽ എവിടെയായിരുന്നു കുട്ടികൾ എന്നുള്ളത് പിന്നീട് തിരഞ്ഞപ്പോഴാണ് മനസ്സിലാകുന്നത്. കുട്ടികൾ കുറവും കുട്ടന്മാരായിരുന്നു കൂടുതൽ ഉണ്ടായിരുന്നു’, മേജർ രവി പരിഹസിച്ചു.