നടി പേളി മാണി സംവിധായകന്‍ സിബി മലയിലിനെ ആക്ഷേപിച്ചതിനെ രൂക്ഷമായ ഭാഷയില്‍ പേളി മാണിയെ വിമര്‍ശിച്ച് നടനും, സംവിധായകനുമായ ജോയ് കെ. മാത്യു രംഗത്ത്. മലയാള സിനിമയില്‍ മാസ്റ്റര്‍പീസുകള്‍ തീര്‍ത്ത സിബി മലയില്‍ എന്ന ജീനിയസ് സംവിധായകനെ അധിക്ഷേപിച്ച വാചകമടി കലയാക്കിയ യൂട്യൂബര്‍ പേളി മാണി പ്രേക്ഷകരോടും സിനിമാ ലോകത്തോടും മാപ്പ് പറയണം. മലയാള ചലച്ചിത്ര ലോകത്തിന് എണ്ണമറ്റ ക്ലാസിക് സിനിമകള്‍ സമ്മാനിച്ച, പ്രേക്ഷകരും സിനിമാ ലോകവും ഒരുപോലെ ആദരിക്കുന്ന ജീനിയസ് ചലച്ചിത്രകാരനാണ് സിബി മലയില്‍.
‘തനിയാവര്‍ത്തനം’, ‘കിരീടം’, ‘ഭരതം’, ‘സദയം’, ‘ആകാശദൂത്’ തുടങ്ങി മലയാളി നെഞ്ചിലേറ്റിയ എത്രയോ മാസ്റ്റര്‍പീസുകള്‍ അദ്ദേഹത്തിന്റെ സംവിധാന മികവില്‍ പിറന്നതാണ്!.
എന്നാല്‍, ഒരു ചാനലിലോ യൂട്യൂബിലോ വന്നിരുന്ന് വെറുതെ വാചകമടിക്കുന്നതല്ലാതെ, കലാരംഗത്ത് സ്വന്തമായി യാതൊരു കഠിനാധ്വാനമോ കഴിവോ തെളിയിച്ചിട്ടില്ലാത്ത പേളി മാണിയെപ്പോലെയുള്ള ഒരു യൂട്യൂബര്‍ സിബി മലയിലിനെപ്പോലൊരു മുതിര്‍ന്ന ചലച്ചിത്ര പ്രതിഭയെ ‘പരാജയപ്പെട്ട സംവിധായകന്‍’ എന്ന് വിശേഷിപ്പിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സിനിമ പരാജയപ്പെട്ടാല്‍ അത് സംവിധായകന്റെ മാത്രം കുറ്റവും, വിജയിച്ചാല്‍ അത് നായകന്റെ മാത്രം നേട്ടവുമായി കാണുന്ന ഇത്തരം വിവരമില്ലാത്ത ആളുകളുടെ ചലച്ചിത്രബോധം കഷ്ടം എന്നേ പറയാനുള്ളൂ. ആരെങ്കിലും എഴുതിക്കൊടുക്കുന്ന തിരക്കഥ ക്യാമറയ്ക്ക് മുന്നിലിരുന്ന് കാണാതെ പഠിച്ചു പറയുന്നതു പോലെയല്ല സിനിമ ചെയ്യുക എന്നത്.
സിനിമ എന്ന മാധ്യമത്തെയും അതിന്റെ പിന്നിലെ ക്രിയേറ്റീവ് അധ്വാനത്തെയും കുറിച്ച് ഒരു അറിവുമില്ലാത്ത, സിബി മലയില്‍ എന്ന പേര് ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്ത ഇത്തരം ആളുകള്‍ക്ക് സിനിമ എന്താണെന്ന് ആരെങ്കിലും ദയവായി ഒന്ന് പറഞ്ഞു കൊടുക്കണം. ഒരു വലിയ കലാകാരനെ പരസ്യമായി അധിക്ഷേപിച്ച ഇവര്‍ പ്രേക്ഷകരോടും സിനിമാ ലോകത്തോടും മാപ്പ് പറയുക തന്നെ വേണമെന്നും ജോയ് കെ.മാത്യു പറയുന്നു.
















