റിപ്പബ്ലിക് ദിനത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമുള്ള 500 രൂപ നോട്ട് ഇന്ത്യ പുറത്തിറക്കിയെന്ന രീതിയില്‍ ഒരു ഫോട്ടോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും നേതാജിയുടെ പടമുള്ള നോട്ടുകള്‍ പിടിച്ചു നില്‍ക്കുന്ന ഫോട്ടോയാണിത്. എന്നാല്‍, പ്രചരിക്കുന്ന ചിത്രം എഐ നിര്‍മിതമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇന്ത്യ നേതാജിയുടെ ചിത്രമുള്ള നോട്ട് പുറത്തിറക്കിയതായി റിപ്പോര്‍ട്ടുകളില്ല.
അന്വേഷണം
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമുള്ള നോട്ട് രാജ്യം പുറത്തിറക്കിയാൽ അത് വലിയ വാർത്തയാകും. എന്നാൽ ഇത്തരം റിപ്പോർട്ടുകളൊന്നും കണ്ടെത്താനായില്ല. തുടർന്ന് ഞങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചപ്പോഴും ഇതു സംബന്ധിച്ച വിവരമൊന്നും ലഭിച്ചില്ല. നിലിവിൽ ഇന്ത്യയിൽ വിനിമയത്തിന് ഉപയോഗിക്കുന്ന നോട്ടുകളുടെ ചിത്രം ഉൾപ്പെടെയുള്ള വിശദവിവരം വെബ്‌സൈറ്റിൽ കാണാം.
വൈറൽ ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഇതിൽ ചില പൊരുത്തക്കേടുകൾ കാണാൻ സാധിച്ചു. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും നോട്ട് പിടിച്ച് നിൽക്കുന്നതായി കാണുന്നത്. പരേഡ് നടക്കുമ്പോൾ രാഷ്ട്രപതി അഭിവാദ്യം സ്വീകരിക്കുന്ന സ്ഥലത്താണ് ഉണ്ടാവുക. അതുപോലെ പ്രധാനമന്ത്രി വിശിഷ്ടാതിഥികൾക്കൊപ്പം പ്രത്യേക പവലിയനിലുകും ഇരിക്കുക. മറ്റൊന്ന് ഇരുവരും പിടിച്ചിരിക്കുന്ന നോട്ടിൽ ഒരേ സീരിയൽ നമ്പരാണുള്ളത്. ചിത്രത്തിലുള്ള tamilcinemafanschannel എന്ന വാട്ടർ മാർക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇതേ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വൈറൽ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. 2026 ജനുവരി 26ന് പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രത്തിന്റെ ക്യാപ്ഷനിൽ ഇത് ഭാവനാത്മക ചിത്രമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
















