ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട വിവാദ പ്രതികരണത്തില്‍ വിശദീകരണവുമായി നടിയും അവതാരകയുമായ പേളി മാണി. വിദ്യാര്‍ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ആരുടെയും പോരാട്ടത്തെ ചെറുതാക്കി കാണിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പേളി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച 21 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ വ്യക്തമാക്കി.
വിദ്യാര്‍ഥികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ ദൃശ്യങ്ങള്‍ കണ്ട് ഭയന്നാണ് പോസ്റ്റ് പങ്കുവെച്ചതെന്ന് പേളി പറഞ്ഞു. ‘വിദ്യാര്‍ഥികള്‍ക്ക് തുല്യനീതിയും സുതാര്യമായ വിദ്യാഭ്യാസ രീതിയും ഉറപ്പാക്കണം. എന്നാല്‍ ഏതൊരു പോരാട്ടത്തേക്കാളും വലുതാണ് ജീവന്‍. സുരക്ഷിതരായിരിക്കുക എന്ന ഉദ്ദേശ്യത്തിലാണ് പോസ്റ്റ് ഇട്ടത്,’ എന്ന് പേളി വ്യക്തമാക്കി. എന്നാല്‍ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും സ്വാതന്ത്ര്യസമര സേനാനികളെപ്പോലും അപമാനിക്കുന്ന രീതിയിലാണ് പോസ്റ്റെന്ന് പ്രചരിക്കപ്പെടുകയും ചെയ്തതാണ് വിഷമമുണ്ടാക്കിയതെന്നും താരം കൂട്ടിച്ചേര്‍ത്തു.
എന്നെ വേദനിപ്പിച്ച കാര്യം സ്വാതന്ത്ര്യ സമരസേനാനികളുടെ കല്ലറയില്‍ ഞാന്‍ തുപ്പുന്നത് പോലെയാണ് എന്ന് പറഞ്ഞതാണ്. എനിക്കത് ഭയങ്കര വേദനയായി. ഞാന്‍ ആത്മാര്‍ത്ഥമായും മനസില്‍ തട്ടിയെഴുതിയതിനെ ഇത്രയും നെഗറ്റീവായി വ്യാഖ്യാനിച്ചത് ഭയങ്കര വിഷമമായി. പ്രതികരിക്കണ്ട, വിട്ടു കളയാം എന്ന് വിചാരിച്ചു. പക്ഷെ ആ സാധനം തന്നെ എന്റെ കമന്റ്സില്‍ വന്നതോടെ എനിക്ക് ഹര്‍ട്ട് ആയി. രാത്രി 11 മണി ആയതോടെ എനിക്ക് പറ്റുന്നില്ല. ദേഷ്യം വന്നു. ഞാനും മനുഷ്യനാണ്. വിശദീകരണം എഴുതി. ആ സ്റ്റോറിയാണ് പിന്നീട് നിങ്ങളുടെ മുന്നില്‍ വന്നത്. ഞാനത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
കാരണം അതില്‍ ഞാന്‍ എഴുതിയ ഒരു കാര്യം വലിയ തെറ്റായിരുന്നു. നിമിഷങ്ങള്‍ക്ക് ശേഷം ഞാനത് ഡിലീറ്റ് ചെയ്തു. അത് തെറ്റാണെന്ന് എനിക്കറിയാം. സ്‌ക്രീന്‍ ഷോട്ട് പോകുമെന്നും എനിക്കറിയാമായിരുന്നു. പക്ഷെ എനിക്ക് തന്നെ അതിനോട് യോജിപ്പില്ല. അതിനാല്‍ ഡിലീറ്റ് ചെയ്തിരുന്നു. അതില്‍ ഞാന്‍ ആ പോസ്റ്റിട്ടയാളെ പരാജയപ്പെട്ട സംവിധായകന്‍ എന്ന് വിളിച്ചിരുന്നു. അത് വളരെ വലിയ തെറ്റാണ്. നമ്മള്‍ ആരേയും അങ്ങനെ വിളിക്കാന്‍ പാടില്ല. നമ്മളാരും അല്ല. അങ്ങനെ അല്ല എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയത്. അദ്ദേഹത്തോട് ഈ അവസരത്തില്‍ ഞാന്‍ മാപ്പ് ചോദിക്കുകയാണ്. നിങ്ങളെ അങ്ങനെ വിളിക്കാന്‍ പാടില്ലായിരുന്നു. അയാം സോറി.
കാന്‍വയില്‍ ഇട്ട ശേഷമാണ് ഞാന്‍ പോസ്റ്റ് പങ്കുവെക്കുന്നത്. അതിലെ കളറിന് അദ്ദേഹം ഒരു വ്യഖ്യാനം നല്‍കിയിരുന്നു. എന്നെ ഒരു പാര്‍ട്ടിയുടെ ഭാഗമാക്കി. അതിലും വിശദീകരണം നല്‍കണം എന്നു കരുതിയാണ് എനിക്ക് സാഫ്രോണ്‍ ഇഷ്ടമാണ്, ഇന്ത്യന്‍ പതാകയിലാണ് കൂടുതലിഷ്ടം എന്നാണ് എഴുതിയത്. പിന്നെയത് ഡിലീറ്റും ചെയ്തു. പക്ഷെ എല്ലാവരും അപ്പോഴേക്കും സ്‌ക്രീന്‍ഷോട്ട് എടുത്തു.അത് അദ്ദേഹത്തിനുള്ള മറുപടിയായിരുന്നു.
ഞാന്‍ നിങ്ങളുടെ മുന്നിലാണ് വളര്‍ന്നത്. 18 വയസ് മുതല്‍ തുടങ്ങിയതാണ് എന്റെ കരിയര്‍. നിങ്ങളുടെ മുമ്പിലാണ് ഞാന്‍ ജീവിച്ചത്. ഇതുവരെ എല്ലാ കാര്യങ്ങളും നിങ്ങളുമായി പങ്കുവെക്കാറുണ്ട്. നിങ്ങള്‍ എല്ലാവരേയും പോലെ ഞാനും ഒരു മനുഷ്യനാണ്. ഞാന്‍ ചെയ്തത് തെറ്റ് തന്നെയാണ്. എങ്കിലും ഒരു കാര്യം വിശദീകരിക്കണം. ഇവിടെയുള്ള എല്ലാ പാര്‍ട്ടിയിലും എനിക്ക് സുഹൃത്തുക്കളുണ്ട്. എനിക്ക് എല്ലാ പാര്‍ട്ടിയും വേണ്ടപ്പെട്ടതാണ്. എല്ലാ പാര്‍ട്ടിയും എനിക്കിഷ്ടമാണ്. അതിലെല്ലാം എനിക്ക് വേണ്ടപ്പെട്ടവരുണ്ട്.
ഈ പോസ്റ്റ് ഇട്ട സമയത്ത് അദ്ദേഹം വേറൊരു സ്റ്റോറിയില്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അച്ഛനെയാണ് ഞാന്‍ പറഞ്ഞതെന്നാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ ഒരേയൊരു സിബി മലയിലാണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധികയാണ്. മലയാളികളെല്ലാം. ഇതാണ് എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത്. ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യമായിരുന്നു എഴുതിയത്. വാര്‍ത്താ മാധ്യമങ്ങള്‍ അത് ക്ലാരിഫൈ ചെയ്യാതെ എടുത്തിടുകയാണ്. ഞാന്‍ പോസ്റ്റിട്ടത് എന്നെക്കുറിച്ച് പത്ത് പേജ് എഴുതിയ ആള്‍ക്കെതിരെയാണ്. അതില്‍ സിബി മലയില്‍ സാര്‍ എങ്ങനെ വന്നു? ഇത് ഞാന്‍ എങ്ങനെ തിരുത്തും? എന്നെനിക്ക് മനസിലാകുന്നില്ല. ഞാന്‍ ഇനി ഒന്നും ഇടുന്നില്ലെന്ന് കരുതി മിണ്ടാതിരുന്നു. സത്യം അറിയിക്കാനാണ് ഈ വിഡിയോ.
ഞാന്‍ ഒരിക്കലും സിബി മലയില്‍ സാറിനെ അങ്ങനെ പറയില്ല. കാരണം അദ്ദേഹം മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ്. അദ്ദേഹം ഇത് കാണുന്നുണ്ടെങ്കില്‍, ഐ ലവ് യു. ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധികയാണ്. ഈ വിഡിയോ ഇടുമ്പോള്‍ എല്ലാവരും എന്നെ വിമര്‍ശിക്കുന്നത് നിര്‍ത്തണം എന്ന് ഞാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ എന്നെ വിമര്‍ശിക്കണം. സോഷ്യല്‍ മീഡിയ പബ്ലിക് പ്ലാറ്റ്ഫോമാണ്. അവതരാകയായി കരിയര്‍ ആരംഭിക്കുന്ന ദിവസം രാവിലെ ഡാഡി എന്നോട് പറഞ്ഞു, പേളി ഇനി നീയൊരു പബ്ലിക് പ്രോപ്പര്‍ട്ടിയാണ്. ഇനി നിന്നെ വന്ന് രക്ഷിക്കാന്‍ എനിക്ക് സാധിക്കില്ല. എന്തെങ്കിലും പ്രശ്നത്തില്‍ ചാടിയാല്‍ നീ തന്നെ ഡീല്‍ ചെയ്യണം. ഡാഡി പറഞ്ഞതിന്റെ അര്‍ഥം അന്നെനിക്ക് അത്ര മനസിലായില്ല. പക്ഷെ ഇന്ന് ഞാനത് മനസിലാക്കുന്നു. ഞാന്‍ പറയുന്ന ഓരോ വാക്കിനും പ്രവര്‍ത്തിയ്ക്കും ഒരുപാട് ഉത്തരവാദിത്തമുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. മെച്ചപ്പെട്ട മനുഷ്യനാകാന്‍ ഞാന്‍ ശ്രമിക്കും. നിങ്ങള്‍ എനിക്ക് മാപ്പ് നല്‍കുമെന്ന് കരുതുന്നു.
കമന്റ് സെക്ഷന്‍ ഞാന്‍ ഓപ്പണ്‍ ആക്കാന്‍ പോവുകയാണ്, ആന്‍ഡ് യൂ ഓള്‍ വില്‍ ബി വെല്‍ക്കം ടു മി. ക്രിട്ടിസൈസ് ചെയ്‌തോളൂ, പക്ഷെ ഓള്‍സോ അണ്ടര്‍സ്റ്റാന്റ് ഐ ആം ജസ്റ്റ് വണ്‍ ഹ്യൂമന്‍ ബീയിങ്