Kerala

ഡ്രൈവിങ് ടെസ്റ്റിന് പ്രതിദിനം അമ്പത് സ്ലോട്ട്; ലേണേഴ്സ് പരീക്ഷയിൽ മുഖം തിരിച്ചറിയൽ സംവിധാനം വരുന്നു

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ നിലവിലുള്ള കാത്തിരിപ്പ് കുറയ്ക്കുന്നതിനും ലേണേഴ്സ് ലൈസൻസ് പരീക്ഷകളുടെ സുതാര്യത വർധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണർ പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു. അടുത്ത മൂന്ന് മാസത്തേക്ക് എല്ലാ ആർടിഒ, സബ് ആർടിഒ ഓഫിസുകളിലും ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റും ലേണേഴ്സ് ലൈസൻസ് പരീക്ഷയും നിർബന്ധമായും നടത്തണം. നിലവിലെ പ്രതിദിന ഡ്രൈവിങ് ടെസ്റ്റ് ശേഷി അമ്പതാക്കി ഉയർത്താനും ലേണേഴ്സ് ലൈസൻസ് പരീക്ഷയിൽ മുഖം തിരിച്ചറിയൽ അടിസ്ഥാനമാക്കിയ ആധികാരികത ഉറപ്പുവരുത്തുന്ന സംവിധാനം നടപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്.

പ്ലസ് ടു പഠനം പൂർത്തിയാക്കി ഉന്നത പഠനത്തിനോ തൊഴിലിനോ പോകുന്നതിന് മുമ്പ് ലേണേഴ്സ് ലൈസൻസും ഡ്രൈവിങ് ലൈസൻസും നേടാൻ അപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടി. അർഹരായ അപേക്ഷകർക്ക് അനാവശ്യ കാലതാമസമില്ലാതെ പരീക്ഷയെഴുതാനും ലൈസൻസ് നേടാനും അവസരം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

  • പ്രതിദിനം അമ്പത് സ്ലോട്ട്

എല്ലാ ആർടിഒ, സബ് ആർടിഒ ഓഫിസുകളിലും അടിസ്ഥാന സൗകര്യവും കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളും പാലിച്ച് പ്രതിദിന ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകൾ അമ്പതായി ഉയർത്തണം. ഇതിൽ 28 സ്ലോട്ട് പുതിയ അപേക്ഷകർക്കും 20 സ്ലോട്ട് വീണ്ടും പരീക്ഷ എഴുതുന്നവർക്കും രണ്ട് സ്ലോട്ട് വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ തൊഴിൽ, പഠനം എന്നിവയ്ക്കായി അടിയന്തരമായി ലൈസൻസ് ആവശ്യമുള്ളവർക്ക് സംവരണം ചെയ്യണം. ആവശ്യമായ രേഖകൾ പരിശോധിച്ച ശേഷമേ ഈ പ്രത്യേക ക്വാട്ട അനുവദിക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.

ഒരു ദിവസം ലഭ്യമായ മോട്ടോർ വാഹന ഇൻസ്പെക്ടർമാരുടെ എണ്ണത്തിന് അനുസരിച്ച് ഡ്രൈവിങ് ടെസ്റ്റ് ബാച്ചുകൾ ക്രമീകരിക്കണം. ഏതെങ്കിലും വിഭാഗത്തിൽ സ്ലോട്ടുകൾ ഒഴിഞ്ഞുകിടക്കുകയാണെങ്കിൽ അവ മറ്റ് അർഹരായ അപേക്ഷകർക്കായി വിനിയോഗിച്ച് മുഴുവൻ ശേഷിയും പ്രയോജനപ്പെടുത്തണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ സ്ലോട്ടുകൾ വർധിപ്പിക്കുന്നതിന്റെ പേരിൽ പരീക്ഷയുടെ നിലവാരത്തിനോ സുരക്ഷയ്ക്കോ സുതാര്യതയ്ക്കോ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

  • മുഖം തിരിച്ചറിയൽ സംവിധാനം

ലേണേഴ്സ് ലൈസൻസ് പരീക്ഷകൾക്കായി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന നിലവിലെ സംവിധാനത്തിൽ മുഖം തിരിച്ചറിയൽ അടിസ്ഥാനമാക്കിയ ആധികാരികത പരിശോധന ഉൾപ്പെടുത്തും. ദേശീയ ഇൻഫർമാറ്റിക്സ് സെന്റർ സാരഥി സോഫ്റ്റ്‌വെയറിൽ ഈ സൗകര്യം സജ്ജമാക്കുന്ന മുറയ്ക്ക് സംവിധാനം പ്രാബല്യത്തിൽ വരും. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പും പരീക്ഷയ്ക്കിടെ ആവശ്യമായ ഘട്ടങ്ങളിലും ഉദ്യോഗാർഥിയുടെ മുഖം തിരിച്ചറിയൽ പരിശോധന നടത്തും. പരീക്ഷ മോട്ടോർ വാഹന വകുപ്പിന്റെ പരീക്ഷാ ഹാളുകളിൽ മാത്രമേ അനുവദിക്കൂ. അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്പെക്ടറുടെ കർശന മേൽനോട്ടവും നിർബന്ധമാക്കിയിട്ടുണ്ട്.

  • ലേണേഴ്സ് പരീക്ഷയ്ക്കും കൂടുതൽ അവസരം

അടുത്ത മൂന്ന് മാസത്തേക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലേണേഴ്സ് ലൈസൻസ് പരീക്ഷയും നടത്തണം. പ്രതിദിനം നടത്തുന്ന ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകളുടെ എണ്ണത്തിന് തുല്യമോ അതിലധികമോ ലേണേഴ്സ് പരീക്ഷാ സ്ലോട്ടുകൾ ലഭ്യമാക്കണമെന്നും നിർദേശമുണ്ട്. ഇതിലൂടെ ലൈസൻസ് നടപടിക്രമം വേഗത്തിൽ പൂർത്തിയാക്കാൻ അപേക്ഷകർക്ക് കൂടുതൽ അവസരം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ഡ്രൈവിങ് ടെസ്റ്റിന് നിയോഗിച്ച മോട്ടോർ വാഹന ഇൻസ്പെക്ടർ കോടതി ഡ്യൂട്ടിയോ മറ്റ് ഔദ്യോഗിക ചുമതലകളോ കാരണം ഹാജരാകാൻ കഴിയാത്ത സാഹചര്യങ്ങളിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ നിന്ന് പകരം ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഒരു ദിവസം മുതൽ മൂന്ന് ദിവസം വരെയും അതിലധികം ദിവസങ്ങളിലേക്കുമുള്ള പകരം ക്രമീകരണങ്ങൾക്ക് വ്യത്യസ്ത നടപടിക്രമങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിലൂടെ ഒരു സാഹചര്യത്തിലും ഡ്രൈവിങ് ടെസ്റ്റ് റദ്ദാക്കുകയോ സ്ലോട്ടുകൾ കുറയ്ക്കുകയോ ചെയ്യരുതെന്നാണ് നിർദേശം.

  • സേവനനിലവാരം കൈവരിച്ച ശേഷം പുനഃപരിശോധന

പ്രത്യേക നടപടികളുടെ ഭാഗമായി ആരംഭിക്കുന്ന ഈ ക്രമീകരണങ്ങൾ ഇടയ്ക്കിടെ വിലയിരുത്തും. പുതിയ ഡ്രൈവിങ് ടെസ്റ്റ് ബുക്കിങ് നടത്തിയാൽ 30 ദിവസത്തിനുള്ളിലും, വീണ്ടും പരീക്ഷ എഴുതുന്നവർക്ക് എട്ട് ദിവസത്തിനുള്ളിലും, ലേണേഴ്സ് ലൈസൻസ് പരീക്ഷയ്ക്ക് മൂന്ന് ദിവസത്തിനുള്ളിലും സ്ലോട്ട് ലഭ്യമാകുന്ന സാഹചര്യം സംസ്ഥാനത്താകെ ഉറപ്പാക്കിയ ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്ന് ഉത്തരവിൽ പറയുന്നു.

നിർദേശങ്ങൾ നടപ്പാക്കുന്നതിന് ഡെപ്യൂട്ടി ഗതാഗത കമ്മിഷണർമാർ നേരിട്ട് മേൽനോട്ടം വഹിക്കണം. ആർടിഒമാരും ജോയിന്റ് ആർടിഒമാരും നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നതിനും ലഭ്യമായ പരീക്ഷാ ശേഷി പൂർണമായി ഉപയോഗപ്പെടുത്തുന്നതിനും വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നിലവിലെ സർക്കാർ ഉത്തരവിൽ പ്രതിദിനം പരമാവധി 40 ഡ്രൈവിങ് ടെസ്റ്റ് ഉദ്യോഗാർഥികളെയാണ് അനുവദിച്ചിട്ടുള്ളത്. ഇത് 50 ആയി ഉയർത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും.