സമരം നടത്തുന്ന എൽ.പി.എസ്.എ റാങ്ക് ഹോൾഡേഴ്സുമായി ചർച്ച നടത്തി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ആവശ്യങ്ങളിൽ രണ്ടുമാസത്തേക്ക് കൂടി മന്ത്രി സാവകാശം തേടി. അതുവരെ സമരം നിർത്തി വെയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആറാം തവണയാണ് സമരക്കാരുമായി ചർച്ച നടത്തുന്നത്. ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയേറ്റിന് മുൻപിൽ സമരം തുടങ്ങി 22 ദിവസം കഴിഞ്ഞു. റാങ്ക്ലിസ്റ്റ് കാലാവധി നീട്ടണമെന്ന ആവശ്യം ഉന്നയിച്ച് വിദ്യാർത്ഥികൾ നിരാഹാരസമരം അടക്കം അനുഷ്ഠിച്ചിരുന്നു.
2028 വരെ ലിസ്റ്റിന് കാലാവധിയുണ്ടെങ്കിലും അധ്യാപക നിയമനം ആയതുകൊണ്ട്തന്നെ ഇനി ഒരു അധ്യായന വർഷം മാത്രമേ ഉദ്യോഗാർത്ഥികൾക്ക് മുൻപിലുള്ളൂ. അതുകൊണ്ട് ലിസ്റ്റ് നീട്ടി നൽക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. സമരക്കാരെ പിന്തുണച്ച് ചലച്ചിത്ര താരങ്ങൾ അടക്കം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം മേയ് 31നാണ് 14 ജില്ലയിലെയും എൽപി സ്‌കൂൾ ടീച്ചർ റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത്. മെയിൻ ലിസ്റ്റിൽ 6113, സപ്ലിമെന്ററി ലിസ്റ്റിൽ 5488, ഭിന്നശേഷി ലിസ്റ്റിൽ 157 എന്നിങ്ങനെ 11,758 പേരെയാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ വന്ന് എട്ടു മാസം കഴിഞ്ഞെങ്കിലും ഇതുവരെ 2% പേർക്കു മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്.
Story Highlights : Education Minister held discussions with LPSA rank holders.
















