കേരളാ പോസ്റ്റൽ സർക്കിളിൻ്റെ തിരുവനന്തപുരം-കണ്ണൂർ റോഡ് ട്രാൻസ്പോർട്ട് നെറ്റ്‌വർക്ക് സേവനത്തിന് തുടക്കം. തിരുവനന്തപുരം ഫോർട്ട് പോസ്റ്റ് ഓഫീസ് കോംപ്ലക്സിൽ കേരളാ സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ശ്രീ അമിതാഭ് സിംഗ്, IPoS പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കുള്ള ആറു ടൺ ശേഷിയുള്ള തപാൽ വാഹനം അതിവേഗ പാഴ്സൽ വിതരണത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് നിന്നും രാത്രി 9 മണിക്ക് പുറപ്പെടുന്ന വാഹനം പിറ്റേന്ന് രാവിലെ 11.50-ഓടെ കണ്ണൂരിലെത്തും. തിരിച്ച് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കും സേവനമുണ്ടാകും. കേരളത്തിലുടനീളം തപാൽ ഉരുപ്പടികൾ തൊട്ടടുത്ത ദിവസം തന്നെ വിതരണം ചെയ്യുന്നത് ഉറപ്പാക്കുന്നതിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പാണ് ഈ ഉദ്യമം. തപാൽ വകുപ്പിന്റെ പ്രത്യേക വാഹനം ഉപയോഗിച്ചുള്ള സേവനം തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കും. ഗ്രീൻ എക്സ്പ്രസ് പ്രോജക്റ്റിന് കീഴിൽ വൃക്ഷത്തൈകളുടെയും ചെടികളുടെയും തൊട്ടടുത്ത ദിവസം തന്നെയുള്ള വിതരണവും ഇതിലൂടെ ഉറപ്പാക്കും.
തിരുവനന്തപുരം RMS ഡിവിഷൻ സീനിയർ സൂപ്രണ്ട് ശ്രീമതി സ്മിത സാഗർ, ഹെഡ് ക്വാട്ടേഴ്സ് പോസ്റ്റൽ സർവീസ് ഡയറക്ടർ ശ്രീ എൻ.ആർ.ഗിരി, തിരുവനന്തപുരം നോർത്ത് ഡിവിഷൻ സീനിയർ സൂപ്രണ്ട് ഗോവഡ നവ്യശ്രീ, തിരുവനന്തപുരം സൗത്ത് ഡിവിഷൻ സൂപ്രണ്ട് ശ്രീ അജിത്ത് കുര്യൻ, കേരളാ സർക്കിൾ മെയിൽസ് അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീ ബൈജുകുമാർ ബി.എൽ, HR വിഭാഗം APMG രാഹുൽ ആർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
















