ഒരരിശത്തിന് കിണറ്റില്‍ ചാടി ഏഴരിശത്തിന് കയറാന്‍ പറ്റാത്തതു പോലെ തുടങ്ങിയതല്ല സി.ജെ.പി എന്ന പാര്‍ട്ടി. തട്ടിക്കൂട്ടി ഉണ്ടാക്കിയ സംവിധാനത്തില്‍ വിദ്യാര്‍ത്ഥികളെ അണി നിരത്തി കേന്ദ്രത്തിനെതിരേ സംമരം ചെയ്തവരുമല്ല. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ തുടങ്ങിയ സമരത്തിന്റെ വിജയത്തിനു പിന്നാലെ സി.ജെ.പി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ നേതാക്കള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇനി സമരം വിപുലമാക്കും. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, കര്‍ഷകരെയും വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ചേര്‍ത്തു നിര്‍ത്തി സംയുക്ത പ്രക്ഷോഭമാണ് ലക്ഷ്യമെന്ന് സി.ജെ.പി നേതാക്കള്‍ പറയുന്നു. അതിനായി സമാന ചിന്താഗതിയും രാഷ്ട്രീയ ലക്ഷ്യവുമുള്ള പാര്‍ട്ടി നേതാക്കളുമായി സി.ജെ.പി ചര്‍ച്ച നടത്തുകയാണ്.
കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍ ഇവരെ ഒന്നിപ്പിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കാനാണ് കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി)യുടെ നീക്കം. ഇതിന്റെ ഭാഗമായി പ്രമുഖ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തുമായി സിജെപി വക്താവ് അശുതോഷ് റാങ്ക ചര്‍ച്ചകള്‍ നടത്തി. നരേന്ദ്ര മോദി സര്‍ക്കാരിനെ എല്ലാഭാഗത്തുനിന്നും പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ സഖ്യരൂപീകരണമാണ് ചര്‍ച്ചയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ വിഭാഗങ്ങളും ഒത്തൊരുമിച്ച് നരേന്ദ്ര മോദി സര്‍ക്കാരിനെ എല്ലാഭാഗത്തുനിന്നും വളയുമെന്ന് പ്രതീക്ഷിക്കുന്നതായി ടിക്കായത്തുമായി കൂടിക്കാഴ്ച നടത്തിയ സി.ജെ.പി വക്താവ് അശുതോഷ് റാങ്ക പറഞ്ഞു.
സി.ജെ.പി വക്താവ് അശുതോഷ് റാങ്കയ്ക്കും മറ്റ് നേതാക്കള്‍ക്കും പുറമെ രാകേഷ് ടിക്കായത്തും ഭാരതീയ കിസാന്‍ യൂണിയന്‍ (ബി.കെ.യു) അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. കര്‍ഷകരെയും വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ഒരേവേദിയില്‍ അണിനിരത്തുന്നതിനുള്ള ഭാവി തന്ത്രങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തതെന്ന് സി.ജെ.പി വ്യക്തമാക്കി. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കൂടുതല്‍ ശക്തമായ വിശാല മുന്നണി രൂപീകരിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് യോഗത്തിന് ശേഷം അശുതോഷ് ടാങ്ക പറഞ്ഞു. നമ്മുടെ കര്‍ഷക സഹോദരങ്ങളും രാജ്യത്തെ വിദ്യാര്‍ത്ഥികളും യുവജനങ്ങളും ഒരുമിച്ചുനിന്ന് മോദി സര്‍ക്കാരിനെ എല്ലാ ഭാഗത്തുനിന്നും വളയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, അദ്ദേഹം പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകള്‍ക്കുമെതിരെ സി.ജെ.പി നടത്തിവന്ന 36 ദിവസം നീണ്ട സമരം അവസാനിപ്പിച്ച് ദിവസങ്ങള്‍ക്കകമാണ് ഈ നിര്‍ണായക കൂടിക്കാഴ്ച. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കൊപ്പം കര്‍ഷകരുടെയും യുവാക്കളുടെയും പ്രശ്‌നങ്ങള്‍കൂടി ഉള്‍പ്പെടുത്തി തങ്ങളുടെ പ്രതിഷേധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.
















