ന്യൂഡൽഹി: സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുകയും, അതിന് വഴിയൊരുക്കുകയും ചെയ്ത 1,263 വെബ്‌സൈറ്റുകളും 4,996 ടെലിഗ്രാം ചാനലുകളും നിരോധിച്ച് കേന്ദ്ര സർക്കാർ. ഡിജിറ്റൽ പൈറസിക്കെതിരായ രാജ്യവ്യാപക നടപടിയുടെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. സിനിമകളുടെ വ്യാജ പതിപ്പുകൾ തടയുന്നത് സംബന്ധിച്ച് സുരേഷ് ഗോപി അയച്ച കത്തിന് മറുപടിയായി ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അയച്ച മറുവപ്പടി കത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഓൺലൈൻ പൈറസിയും പകർപ്പവകാശ ലംഘനങ്ങളും തടയുന്നതിനുള്ള നിയമസംവിധാനം ശക്തമാക്കിയ ‘സിനിമറ്റോഗ്രഫ് (ഭേദഗതി) ആക്ട് 2023’ ലെ വ്യവസ്ഥകൾ പ്രകാരമാണ് കേന്ദ്രം നടപടി എടുത്തത്.
വ്യാജ പതിപ്പുകൾ സിനിമാ വ്യവസായത്തിന് ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ സർക്കാർ തിരിച്ചറിയുന്നുണ്ടെന്ന് അശ്വനി വൈഷ്ണവ് സുരേഷ് ഗോപി എംപിക്ക് അയച്ച കത്തിൽ പറയുന്നു. നിയമസംവിധാനം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. നിയമം ഭേദഗതി ചെയ്തതു പകർപ്പവകാശ ലംഘനം നടത്തുന്ന പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കാൻ സഹായിക്കും. പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രാലയത്തിന്റെ കീഴിൽ ഒരു പ്രത്യേക സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നും ഐടി മന്ത്രിയുടെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട ലഭിച്ചിട്ടുള്ള പരാതികൾ ഏകോപിപ്പിച്ച് അടിയന്തരമായി നടപടി എടുക്കാൻ ആന്റി പൈറസി പോർട്ടൽ വികസിപ്പിക്കുന്നുണ്ട്. വ്യാജ പതിപ്പുകൾക്കെതിരെ നടപടികൾ കടുപ്പിക്കുന്നതിന് ശക്തമായ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യൻ സിനിമാ വ്യവസായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് വ്യാജ പതിപ്പുകൾ എന്നും, ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും സുരേഷ് ഗോപി നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്.
















