ദില്ലി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന പ്രസ്താവന നടത്തിയ ടി ജി മോഹൻദാസിന്റെ വീട്ടിലേക്ക് പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. എഐവൈഎഫ് പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരൽ അടക്കമുള്ള വകുപ്പുകളിലാണ് മട്ടാഞ്ചേരി പൊലീസ് കേസെടുത്തത്.
വിവാദ പരാമര്‍ശനങ്ങള്‍ നടത്തിയതിന് ടി ജി മോഹൻദാസിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. തിരുവനന്തപുരം സൈബർ പൊലീസാണ് കലാപാഹ്വാനത്തിന് കേസെടുത്തത്. അശ്ലീലവും അധിക്ഷേപവും നിറച്ച വീഡിയോകൾക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു. ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോനാണ്. പിന്നാലെ പരാതിയുടെ പ്രളയമായിരുന്നു. സൈബൽ സെൽ ഓപ്പേറഷൻസ് ഐജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെങ്കിലും കേസെടുക്കാൻ എടുത്ത കാലതാമസം ചർച്ചയായി. കേസെടുക്കാൻ വൈകിയതിൽ ഡെപ്യൂട്ടി സ്പീക്കർ ഉൾപ്പെടെ അതൃപ്തി പരസ്യമാക്കിയിരുന്നു. ഒടുവിൽ പരാതികളെത്തി മൂന്നാം ദിവസമാണ് മോഹൻദാസിനെതിരെ കേസെടുത്തത്.
കലാപാഹ്വാനത്തിനും പൊതുമധ്യത്തിൽ അധിക്ഷേപിച്ചതിനുമാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസിന്‍റെ കേസ്. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ യൂട്യൂബ് ചാനൽ വഴി വീഡിയോകൾ പ്രചരിപ്പിച്ചെന്ന് എഫ്ഐആർ. കേസെടുക്കാൻ വൈകരുതെന്ന് കോൺഗ്രസിനുളളിൽ നിന്ന് തന്നെ അഭിപ്രായമുയർന്നതിന് പിന്നാലെയാണ് നടപടി.
















