പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെപ്പും പെല്ലറ്റ് ആക്രമണവും ഉള്‍പ്പെടെ നടത്തിയ പൊലീസ് അതിക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് കവാടത്തില്‍ ഇന്‍ഡ്യാ സഖ്യത്തിലെ എംപിമാരുടെ പ്രതിഷേധം. ‘വെടിവയ്ക്കാന്‍ ഉത്തരവിട്ടത് ആരാണ്?’ എന്ന ബാനറുയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ ഇന്ന് ഒരുമിനിറ്റ് മാത്രമാണ് ചേര്‍ന്നത്. ഉച്ചക്ക് രണ്ട് മണി വരെ സഭ പിരിഞ്ഞിരിക്കുകയാണ്. അമിത് ഷാ സഭയിലെത്തണമെന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
അതിനിടെ, പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റവരുടെ ചികിത്സ ഡല്‍ഹി സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. പെല്ലറ്റ് പ്രയോഗത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കേണ്ടിവരുമെന്നും സുപ്രിംകോടതി പറഞ്ഞു. പെല്ലറ്റ് ആക്രമണത്തിനെതിരായ ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. അസാധാരണ സാഹചര്യത്തില്‍ പെല്ലറ്റ് ഉപയോഗിക്കാന്‍ നിയമം അനുവദിക്കുന്നണ്ടല്ലോ എന്ന് കോടതി വാദത്തിനിടെ ചോദിച്ചു. വിദ്യാര്‍ഥികള്‍ അക്രമാസക്തരായിരുന്നില്ല എന്നും പ്രതിഷേധക്കാരുടെ ദേഹത്തുനിന്ന് ലോഹ പെല്ലറ്റുകളാണ് കണ്ടെടുത്തതെന്നും ഹരജിക്കാര്‍ അറിയിച്ചു.
















