തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ലെന്നു വെളിപ്പെടുത്തി ഇൻഫ്ലുവൻസറും നടനുമായ അഖിൽ മാരാർ. സത്യത്തിനൊപ്പം നിന്നാണ് ഇതുവരെ സംസാരിച്ചിട്ടുള്ളത്. അതുകൊണ്ട് ഈശ്വരനെ അല്ലാതെ മറ്റൊന്നിനെയും ഭയക്കുന്നില്ലെന്ന് അഖിൽ പറഞ്ഞു. ട്വന്റി–ട്വന്റിയിൽ നിന്നു രാജി വയ്ക്കാനുണ്ടായ സാഹചര്യം തുറന്നു പറയുന്നതിന് ഇടയിലാണ് അഖിലിന്റെ പരാമർശം. ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു എം.ജേക്കബുമായി നടത്തിയ ആശയവിനിമയത്തിന്റെ സ്ക്രീൻഷോട്ടുകളും ശബ്ദസന്ദേശങ്ങളും അഖിൽ പുറത്തുവിട്ടു.
അഖിലിന്റെ വാക്കുകൾ: ‘നിങ്ങളുടെ കൈയടിക്ക് വേണ്ടി സംസാരിക്കുന്ന ശീലം എനിക്കുണ്ടെന്ന് തോന്നിയിട്ടുണ്ടോ…? നിങ്ങൾ എന്നെ ജയിപ്പിച്ച ഷോയിൽ എന്റെ ശരികൾ ഞാൻ പറയാതെ നിങ്ങൾ കണ്ടതു കൊണ്ടല്ലേ നിങ്ങൾ എന്റെ കൂടെ നിന്നത്..? സത്യത്തിനൊപ്പം നിന്നേ ഞാൻ സംസാരിക്കൂ. അതുകൊണ്ട് ഈശ്വരനെ അല്ലാതെ ഒന്നിനെയും എനിക്ക് ഭയമില്ല. എനിക്കെതിരെ പണം ഇറക്കിയും അല്ലാതെയും പലതും പ്രചരിക്കും. അതുകൊണ്ട് ചില യഥാർഥ്യങ്ങൾ കൂടി പങ്കുവയ്ക്കുന്നു.
ഞാൻ സാബു ജേക്കബിന്റെ പുറകെ നടന്ന ആളല്ല അവർ എന്റെ പുറകെ വന്നതാണ്. എന്നെ പറഞ്ഞു ചതിച്ചതാണ്. എൻഡിഎ യുടെ ക്യാംപയിൻ ചെയ്ത High Stakeന്റെ Ram നോട് ഞാൻ പറഞ്ഞത് നിങ്ങൾ നോക്കൂ. ഇത്രയൊക്കെ ഇവർ എന്നോട് ചെയ്തിട്ടും തൃക്കാക്കരയിൽ ഇവർക്കു വേണ്ടി ഞാൻ ആത്മാർഥമായി പ്രവർത്തിച്ചു. ഫലം വന്ന ശേഷം സാബു ജേക്കബിനെ വിളിച്ചു സംസാരിച്ചു. എന്നാൽ അതിന് ശേഷം രണ്ടര മാസമായി തുടർന്ന അവഗണന, രാഷ്ട്രീയമായ നിശബ്ദത അതിനെ പുറമെ വ്യക്തിപരമായി എന്നോട് ചെയ്തത്.’
അതേസമയം അഖിൽ മാരാറിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെെന്ന് സാബു ജേക്കബ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചാണ് അഖില്‍ മാരാര്‍ ട്വന്റി20യില്‍ വന്നതെന്നും കൊട്ടാരക്കര സീറ്റ് ട്വന്റി20ക്ക് നല്‍കാമെന്ന് എന്‍ഡിഎ നേതൃത്വം ഉറപ്പ് നല്‍കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ ചില പ്രത്യേക സാഹചര്യത്തില്‍ സീറ്റ് ലഭിക്കാതെ പോവുകയായിരുന്നുവെന്നും സാബു ജേക്കബ് വെളിപ്പെടുത്തി. തിരഞ്ഞെടുപ്പിനുശേഷം ട്വന്റി20യുടെ കൊല്ലം ജില്ലയുടെ പ്രസിഡന്റ് സ്ഥാനവും അഖില്‍ ആവശ്യപ്പെട്ടിരുന്നതായി സാബു ജേക്കബ് പറഞ്ഞു.
അതേസമയം വ്യക്തിപരമായി പറഞ്ഞ കാര്യങ്ങൾ പരസ്യമായി പുറത്തുവിട്ട അഖിലിനെതിരെ വിമർശനവും ഉയരുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് രമേഷ് പിഷാരടി, അഖിൽ മാരാരെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും ഇക്കൂട്ടർ ഇപ്പോൾ ഓർത്തെടുക്കുന്നുണ്ട്. തനിക്കെതിരെയുള്ള അഖിലിന്റെ വിമർശനങ്ങളെക്കുറിച്ച് പിഷാരടിയോട് ചോദിച്ചപ്പോൾ, അത്തരം പ്രസ്താവനകളെ ശ്രദ്ധിക്കാൻ തനിക്ക് സമയമില്ലെന്നും ഒരാഴ്ച കഴിയുമ്പോൾ അദ്ദേഹം തന്നെ നിലപാട് തിരുത്തിപ്പറയുമെന്നും പിഷാരടി അന്ന് പരിഹസിച്ചിരുന്നു. രമേഷ് പിഷാരടി അക്ഷരംപ്രതി ശരിയായിരുന്നുവെന്ന് ഈ സംഭവം സൂചിപ്പിക്കുന്നുവെന്നാണ് ആളുകളുടെ പ്രതികരണം.
















