കൊച്ചി : പ്രാദേശിക വിപണികളുടെ അഭിരുചിക്കും പാരമ്പര്യത്തിനും അനുസൃതമായി പുതിയ ഉപബ്രാൻഡുകൾ അവതരിപ്പിക്കാനൊരുങ്ങി കേരളം ആസ്ഥാനമായ പ്രമുഖ ആഭരണ വിപണന ശൃംഖലയായ കല്യാൺ ജുവലേഴ്സ്. ഇതിന്റെ ഭാഗമായി തമിഴ്നാട് വിപണിയെ ലക്ഷ്യമിട്ട് ‘അക്ഷയ തങ്ക മാളിക’ (ATM) എന്ന പേരിൽ പുതിയ ബ്രാൻഡ് കമ്പനി പുറത്തിറക്കി. കല്യാൺ ജുവലേഴ്സ്, കാൻഡിയർ (Candere) എന്നിവയ്ക്ക് ശേഷം ഗ്രൂപ്പ് അവതരിപ്പിക്കുന്ന മൂന്നാമത്തെ ബ്രാൻഡാണിത്.
കല്യാൺ എന്ന മാതൃ ബ്രാൻഡിന്റെ നിഴലിലല്ലാതെ തികച്ചും സ്വതന്ത്രമായ ബ്രാൻഡായാകും ഇത് പ്രവർത്തിക്കുക. കല്യാൺ ജുവലേഴ്സ് ഇന്ത്യയുടെ പൂർണ ഉടമസ്ഥതയിലുള്ള ‘കെ.ജെ.ജി ബ്രാൻഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്’ (KJG Brands Private Limited) എന്ന ഉപകമ്പനി (subsidiary) രൂപീകരിക്കുന്ന കാര്യം കമ്പനി നേരത്തെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിരുന്നു. ഈ പുതിയ കമ്പനിക്ക് കീഴിൽ വരുന്ന പ്രധാന ബ്രാൻഡുകളിൽ ഒന്നാണ് എ.ടി.എം.
നടപ്പു സാമ്പത്തിക വർഷത്തിൽ ഈ പുതിയ സംരംഭത്തിനായി 300 കോടി രൂപയാണ് കമ്പനി നിക്ഷേപിക്കുന്നത്. തമിഴ് നടൻ ശിവകാർത്തികേയനാണ് എ.ടി.എമ്മിന്റെ ബ്രാൻഡ് അംബാസഡർ. ശിവകാർത്തികേയനെ അണിനിരത്തിക്കൊണ്ടുള്ള വൻ പരസ്യ പ്രചാരണങ്ങൾക്കും ചെന്നൈയിൽ തുടക്കമായിട്ടുണ്ട്.
ആദ്യ ‘എടിഎം’ ഷോറൂം ചെന്നൈ ടി.നഗറിലെ പനഗൽ പാർക്കിൽ ആരംഭിക്കും. 25,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഷോറൂം. അടുത്ത 6 മാസത്തിനകം സംസ്ഥാനത്ത് 4 ഷോറൂമുകൾ കൂടി തുറക്കും. നടപ്പുവർഷം 330 കോടി രൂപയാണ് എടിഎമ്മിനായി കല്യാൺ നിക്ഷേപിക്കുക. തമിഴ് ചലച്ചിത്രതാരം ശിവകാർത്തികേയാൻ ആണ് ബ്രാൻഡ് അംബാസഡർ.
















