India

തൃഷക്കെതിരെ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തു

തമിഴ്നടി തൃഷക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്. തഞ്ചാവൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. കാവേരി നദിജല തര്‍ക്കവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെയാണ് ഉദയനിധി സ്റ്റാലിന്‍ വിവാദപരാമര്‍ശം നടത്തിയത്. ഉദയനിധി സ്റ്റാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് നടപടി. നേരത്തെ തൃഷക്കെതിരായ അശ്ലീല പരാമര്‍ത്തെ തമിഴ്നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം അപലപിച്ചിരുന്നു. കാവേരി നദിജല പ്രതിഷേധത്തിനിടെ അണികള്‍ തൃഷയുടെ പേര് വിളിച്ച് പറഞ്ഞപ്പോഴാണ് ഉദയനിധി വിവാദ പരാമര്‍ശം നടത്തിയത്.

പിന്നീട് കാവേരി പ്രശ്നത്തെ കുറിച്ചാണ് താന്‍ പറഞ്ഞതെന്ന് ഉദയനിധി തിരുത്തുകയും ചെയ്തിരുന്നു. എങ്കിലും യുവനേതാവിനെതിരെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി സ്റ്റാലിന്‍ മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് തഞ്ചാവൂര്‍ പൊലീസ് ആറ് വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ ഉദയനിധിയുടെ വസതിക്ക് പുറത്ത് പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ഉദയനിധിയുടെ പരാമര്‍ശം രാഷ്ട്രീയ പ്രസംഗങ്ങളുടെ നിലവാരം താഴ്ത്തിയെന്നും ഇതിലൂടെ സ്ത്രീകളെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി ടി.വി.കെ നേതാവ് ആധവ് അര്‍ജുന ഉദയനിധിയെ ‘അശ്ലീല നിധി’ എന്ന് വിളിച്ചു.

ഡി.എം.കെ നേതാവ് അണ്ണാദുരൈ കെട്ടിപ്പടുത്ത പ്രസ്ഥാനത്തെ ‘അശ്ലീല ഭാഷയിലൂടെയും ദ്വയാര്‍ഥ പ്രസംഗങ്ങളിലൂടെയും’ നശിപ്പിക്കുകയാണെന്നും ആധവ് അര്‍ജുന പറഞ്ഞു. ബി.ജെ.പി മുന്‍ തമിഴ്‌നാട് പ്രസിഡന്റ് കെ. അണ്ണാമലൈയും ഉദയനിധിയുടെ പ്രസംഗത്തെ പരിഹസിച്ചു. കൂടാതെ, അശ്ലീല പരാമര്‍ശത്തില്‍ നിരുപാധികം മാപ്പ് പറയാന്‍ ഉദയനിധി ബാധ്യസ്ഥനാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഖുഷ്ബു സുന്ദറും പറഞ്ഞിരുന്നു.