ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ സർക്കാർ വിദ്യാലയങ്ങളെ മികച്ച മാതൃകാ സ്കൂളുകളായി ഉയർത്താൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് പിഎം ശ്രീ. ഈ പദ്ധതിക്കായി കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടുന്ന സംസ്ഥാനങ്ങൾക്ക് പിന്നീട് അതിൽ നിന്നും സ്വതന്ത്രമായി പിന്മാറാൻ സാധിക്കുമോ എന്നതു സംബന്ധിച്ച ചർച്ചകൾ കൊഴുക്കുകയാണ്. ഈ സാഹചര്യത്തിൽ ഇതുസംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകൾ എന്താണെന്ന് പരിശോധിക്കാം.
കേന്ദ്ര സർക്കാരിന്റെ നയങ്ങളും കരാർ വ്യവസ്ഥകളും അനുസരിച്ച് പി.എം. ശ്രീ ധാരണാപത്രം എന്നത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഒരു സംയുക്ത നിയമ പ്രതിബദ്ധതയാണ്. ഇതിൽ സംസ്ഥാനങ്ങൾക്ക് തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം ഏകപക്ഷീയമായി കരാർ റദ്ദാക്കി പദ്ധതിയിൽ നിന്നും പിന്മാറാൻ അനുവാദം നൽകുന്ന ഒരൊറ്റ വ്യവസ്ഥയോ അല്ലെങ്കിൽ പ്രത്യേക ‘ഗ്രേസ് പിരീഡോ’ ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഒരു സംസ്ഥാനത്തിന് പദ്ധതിയിൽ നിന്നും പിന്മാറണമെങ്കിൽ അല്ലെങ്കിൽ നടപ്പിലാക്കുന്നത് താല്കാലികമായി മരവിപ്പിക്കണമെങ്കിൽ അത് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പരസ്പര സമ്മതത്തോടെയാകണം. കരാർ നിയമപരമായി റദ്ദാക്കിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുള്ള അറിയിപ്പും വേണം. ചുരുക്കത്തിൽ സംസ്ഥാനം തീരുമാനിച്ചാലും ഇതിന് കേന്ദ്രത്തിൻറെ സമ്മതം കൂടി അനിവാര്യമാണ്. പിൻമാറുന്നതായി ചൂണ്ടിക്കാട്ടി സംസ്ഥാനം കത്ത് നൽകിയാലും ഇതിൻറെ നിയമസാധുത സംബന്ധിച്ച് എവിടെയും പ്രതിപാദിച്ചിട്ടില്ല. പൊതുതാത്പര്യം മുൻനിർത്തി, 30 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകിക്കൊണ്ട് ഈ കരാർ റദ്ദാക്കാനോ അല്ലെങ്കിൽ അവസാനിപ്പിക്കാനോ ഉള്ള പൂർണ്ണ അധികാരം ഭാരത സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പിൽ (DOSE&L, MoE, GoI) നിക്ഷിപ്തമാണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
ചുരുക്കത്തിൽ, പി.എം. ശ്രീ ധാരണാപത്രം എന്നത് നിയമപരമായി ഇരുപക്ഷത്തെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയും ഔദ്യോഗികമായ റദ്ദാക്കൽ പ്രക്രിയയും ഇല്ലാതെ കേരളത്തിന് ഇതിൽ നിന്നും ഏകപക്ഷീയമായി പിന്മാറുന്നത് പ്രായോഗികമല്ല. അത്തരം ശ്രമങ്ങൾ സംസ്ഥാനത്തിന്റെ വലിയ സാമ്പത്തിക പ്രതിസന്ധികൾക്കും കേന്ദ്ര വിദ്യാഭ്യാസ ഫണ്ടുകൾ പൂർണ്ണമായി നഷ്ടപ്പെടുന്നതിനും കാരണമായേക്കും.
















