ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർക്കെതിരെ യമൻ സർക്കാർ സൈന്യവും സൗദി സഖ്യസേനയും ചേർന്ന് സൈനികനീക്കം ശക്തമാക്കി. ഇതോടെ പശ്ചിമേഷ്യൻ മേഖലയിൽ വീണ്ടും യുദ്ധഭീതിയും സംഘർഷാന്തരീക്ഷവും രൂക്ഷമായിരിക്കുകയാണ്.
അന്താരാഷ്ട്ര അംഗീകൃത യമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ അധ്യക്ഷന്‍ രഷാദ് അല്‍ അലിമിയാണ് ഇക്കാര്യം അറിയിച്ചത്.
തലസ്ഥാനമായ സനാ ഉള്‍പ്പെടെയുള്ള പ്രവിശ്യകളില്‍ സൗദി സഖ്യസേനയുടെയും യമന്‍ സൈന്യത്തിന്റെയും യുദ്ധ വിമാനങ്ങള്‍ ശക്തമായ വ്യോമാക്രമണം നടത്തി.
ആക്രമണങ്ങള്‍ക്ക് മറുപടിയായി സൗദി ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ റിയാദിലെ കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹിയ സരി അവകാശപ്പെട്ടു.
ആക്രമണം ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചുവെന്നും എണ്ണ നിലയത്തില്‍ വന്‍ തീപ്പിടുത്തമുണ്ടായെന്നും അവകാശപ്പെട്ടു. എന്നാല്‍, ഹൂതികളുടെ അവകാശവാദം സൗദി സഖ്യസേന തള്ളി.
റിയാദിലെയും സമീപ മേഖലകളിലെയും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണ്ണ സജ്ജമാണെന്നും രാജ്യാതിര്‍ത്തിക്കുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച ഡ്രോണുകളെയും മിസൈലുകളെയും വിജയകരമായി തടഞ്ഞതായും സൗദി അധികൃതര്‍ വ്യക്തമാക്കി.















