ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് എഫ്ഐആറിലെ വിശദാംശങ്ങൾ പുറത്ത്. കേസിൽ പ്രതിചേർക്കപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തും ദേവസ്വം ബോർഡ് മുൻ അംഗമായ അജികുമാറും അന്യായമായ ലാഭമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രവർത്തിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.
ഇരുവരും ചേർന്ന് ഉയർന്ന വിലയ്ക്ക് മിൽമയിൽ നിന്നും നെയ്യ് വാങ്ങാൻ അനുവാദം നൽകി. ഇതിലൂടെ 2.27 കോടിയുടെ നഷ്ടമാണ് ദേവസ്വം ബോർഡിന് ഉണ്ടായത്. ദേവസ്വം കമ്മീഷണറുടെ എതിർപ്പ് അവഗണിച്ചാണ് മിൽമയ്ക്ക് കരാർ നൽകിയതെന്നും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
മുരാരി ബാബു മിൽമയ്ക്ക് അനുകൂലമായ റിപ്പോർട്ട് തയ്യാറാക്കിയത് ശാസ്ത്രീയമായ അടിസ്ഥാനം ഇല്ലാതെയാണെന്നും വിജിലൻസ് പറയുന്നു. കൂടാതെ, ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരെ കൊണ്ട് നെയ്യുടെ മതിയായ ഗുണനിലവാരം പരിശോധിച്ചില്ലെന്നും ഭക്തർ നൽകിയ നെയ്യ് ഉപയോഗിച്ചതായും കണ്ടെത്തി. മിൽമയിൽ നിന്നും വാങ്ങിയ നെയ്യ് ദുർവിനിയോഗം ചെയ്യപ്പെട്ടതായി സംശയമുണ്ടെന്നും നടപടിക്രമങ്ങളെ കുറിച്ച് മതിയായ രേഖകൾ സൂക്ഷിച്ചില്ലെന്നുമാണ് എഫ്ഐആർ.
കേസിലെ ഒന്നാം പ്രതിയാണ് പി.എസ് പ്രശാന്ത്. അജികുമാർ രണ്ടും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു മൂന്നാം പ്രതിയുമാണ്. പ്രതികൾക്കെതിരെ ബിഎൻഎസ് പ്രകാരവും അഴിമതി നിരോധന നിയമപ്രകാരവുമാണ് കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. പി.എസ് പ്രശാന്ത് ഉൾപ്പെടെയുള്ളവരെ വൈകാതെ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും. ഹൈക്കോടതി നിർദേശപ്രകാരമാണ് നെയ്യ് ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചത്.
















