വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചില്‍ ഏഴാം ദിവസവും തുടരുന്നതിനിടെ, രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആരോപണവുമായി കുടുംബം രംഗത്ത്. തിരച്ചില്‍ തൃപ്തികരമല്ലെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ സമയോചിതമായി ഇടപെട്ടില്ലെന്നും ജോണിന്റെ മകള്‍ ജിജി ആരോപിച്ചു.
കലക്ടറുമായി നടത്തിയ കൂടിക്കാഴ്ചയിലും നിരാശയാണുണ്ടായതെന്ന് ജിജി പറഞ്ഞു. ‘ഞങ്ങള്‍ ആവശ്യപ്പെടുന്നത് എഴുതി നല്‍കാനാണ് കലക്ടര്‍ പറയുന്നത്. അതെഴുതേണ്ടത് ഞങ്ങളാണെങ്കില്‍ നിങ്ങള്‍ അവിടെ ഇരിക്കുന്നത് എന്തിനാണ്?’ എന്നായിരുന്നു അവരുടെ ചോദ്യം. ഇതുവരെ നടന്ന തെരച്ചില്‍ ഫലപ്രദമല്ലെന്നും, രണ്ട് എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് വെറും ഒന്നര മണിക്കൂര്‍ മാത്രമാണ് പരിശോധന നടത്തിയതെന്നും അവര്‍ വിമര്‍ശിച്ചു.
അതേസമയം, മുഖ്യമന്ത്രിയുടെ പരാമര്‍ശവും മത്സ്യത്തൊഴിലാളി സമൂഹത്തെ വേദനിപ്പിച്ചതായി ജിജി പ്രതികരിച്ചു.’മുന്‍പ് തീരപ്രദേശത്ത് പോയപ്പോഴുള്ള അവസ്ഥ അറിയാമല്ലോ’ എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ഒരു സമൂഹത്തെ മുഴുവന്‍ ആക്ഷേപിക്കുന്നതായിരുന്നുവെന്നും, അതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചോദിക്കാന്‍ എല്ലാവരും എത്താറുണ്ടെന്നും, ദുരന്തസമയത്ത് അതേ പരിഗണന ലഭിക്കുന്നില്ലെന്നും ജിജി കൂട്ടിച്ചേര്‍ത്തു.
അപകടം നടന്ന ആദ്യ മണിക്കൂറുകളില്‍ തന്നെ ശക്തമായ രക്ഷാപ്രവര്‍ത്തനം ഉണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു. മണിക്കൂറുകളോളം കടലില്‍ ജീവന്‍ രക്ഷിക്കാന്‍ പൊരുതിയ ശേഷമാണ് മറ്റ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടതെന്നും, ഇത് രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്ച വ്യക്തമാക്കുന്നതാണെന്നും ജിജി പറഞ്ഞു. ഫിഷറീസ് മന്ത്രിയോ മറ്റ് മന്ത്രിമാരോ ഇതുവരെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും കുടുംബം ആരോപിച്ചു. ജൂലൈ 31-ന് വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ ബോട്ട് മറിഞ്ഞാണ് ജോണ്‍ കാണാതായത്. കോസ്റ്റ് ഗാര്‍ഡിന്റെയും മറ്റ് രക്ഷാസംഘങ്ങളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
















