മത്സ്യ വില്‍പ്പന ഉപജീവനമായി കാണുന്ന നിരവധി പേരുണ്ട്. കോവിഡ് ലോക്ക്ഡൗണിനു ശേഷം നിരവധി പേരുടെ ജോലികള്‍ നഷ്ടപ്പെട്ടതോടെ പുതിയ ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്തിയതില്‍ പ്രധാനപ്പെട്ടതാണ് മത്സ്യ വില്‍പ്പന. നിരവധി പേരുടെ കുടുംബങ്ങള്‍ ഇതിലൂടെ ജീവിക്കുന്നുണ്ട്. എന്നാല്‍, മത്സ്യം വിറ്റ് ജീവിക്കുന്ന ഇവരെ പിഴിഞ്ഞു ജീവിക്കുന്ന കുറേപ്പേരുണ്ട്. ഹഫ്തയും, ഗുണ്ടാ പിരിവുമൊക്കെയായി നടക്കുന്ന സാമൂഹ്യ വിരുദ്ധ സംഘം. ഇവര്‍ക്ക് സ്ഥലത്തെ പോലീസും രാഷ്ട്രീയക്കാരും തദ്ദേശ ഭരണ സംവിധാനങ്ങളും മൗനാനുവാദം നല്‍കിയിട്ടുമുണ്ടെന്ന ആക്ഷേപമാണ് ഉയരുന്നത്. ജീല്ലയിലെ പ്രധാന മത്സ്യ മാര്‍ക്കറ്റുകളായ പാങ്ങോടും, ആര്യനാടും സമാനമായ ഗുണ്ടാ പിരിവും, ഹഫ്തയും നല്‍കേണ്ട ഗതികേടിലാണ് ചെറുകിട മത്സ്യ വില്‍പ്പനക്കാര്‍. പുലര്‍ച്ചെ എത്തുന്ന ലോഡുകളില്‍ നിന്നും മത്സ്യം ലേലം വിളിച്ചെടുക്കാന്‍ ഇവര്‍ എത്തുമ്പോള്‍ വാഹനങ്ങള്‍ മാര്‍ക്കറ്റിനുള്ളില്‍ കയറാന്‍ പണം നല്‍കണം. വാങ്ങുന്ന മത്സ്യം വാഹനത്തില്‍ കയറ്റാന്‍ പണം നല്‍കണം. എന്തിന്, വാഹനങ്ങള്‍ മത്സ്യ മാര്‍ക്കറ്റിന് പുറത്ത് പാര്‍ക്ക് ചെയ്താലും പണം നല്‍കണം.
ആര്യനാട് മാര്‍ക്കറ്റിന് പുറത്തുള്ള പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ കൊടുക്കണം 100 രൂപ. ഇത് എവിടുത്തെ ന്യാമാണെന്നാണ് മത്സ്യക്കച്ചവടക്കാര്‍ ചോദിക്കുന്നത്. മാര്‍ക്കറ്റിന് പുറത്തുള്ള വാഹനത്തില്‍ മത്സ്യം കയറ്റുന്നതിന് യൂണിയന്‍ കാര്‍ക്ക് ഒരു കുട്ടയ്ക്ക് 40 രൂപ നല്‍കുന്നുണ്ട്. അത് യൂണിന്‍കാര്‍ പണിയെടുക്കുന്നതു കൊണ്ടാണെന്ന് മനസ്സിലാക്കാം. എന്നാല്‍, ഒരു പണിയും ചെയ്യാതെ 100 രൂപ തട്ടിപ്പറിക്കുന്ന കോണ്‍ട്രാക്ടര്‍മാരെ എന്തു ചെയ്യണം. പഞ്ചായത്ത് ഇതിന് കൂട്ടു നില്‍ക്കുകയാണ്. പോലീസും കണ്ണടയ്ക്കുന്നു. മത്സ്യക്കച്ചവടക്കാരെ സംരക്ഷിക്കാനോ, അവരുടെ ന്യായം കേള്‍ക്കാനോ അവിടെയെങ്ങും ആരെയും കാണില്ല. കാരണം, മത്സ്യ ലേലം നടക്കുന്നത് പുലര്‍ച്ചെ 3 മണിക്കായതു കൊണ്ട്.
ആര്യനാട് പഞ്ചായത്ത് അധികൃതരും പോലീസ് അധികാരികളും ഇത് കാണണം. മാര്‍ക്കറ്റ് ലേലം പിടിച്ചിട്ടുള്ള കോണ്‍ട്രാക്ടര്‍ക്ക് മാര്‍ക്കറ്റിനുള്ളിലെ പിരിവ് അനുവദനീയമാണ്. എന്നാല്‍, മാര്‍ക്കറ്റിനു പുറത്തുള്ള റോഡില്‍ അനധികൃത പിരിവു നടത്തുന്നത് നിയമ ലംഘനവും പിടിച്ചു പറിയുമാണ്. ഇതിനെതിരേ ശക്തമായ നടപടി എടുക്കണമെന്നാണ് ചെറുകിട മത്സ്യക്കച്ചവടക്കാരുടെ ആവശ്യം. ഈ പിടുച്ചുപറിക്കെതിരേ ഫിഷറീസ് മന്ത്രിക്ക് പരാതി നല്‍കുമെന്നാണ് മത്സ്യക്കച്ചവടക്കാര്‍ പറയുന്നത്.
















