ബസുകളുടെ മത്സര ഓട്ടം മുതല്‍ സമയക്രമം തെറ്റിയുള്ള മരണപ്പാച്ചിലുമെല്ലാം ഇപ്പോള്‍ നിരത്തുകളില്‍ നിത്യസംഭവങ്ങളാണ്. ഇതേ തുടര്‍ന്നാണ് മാധ്യമങ്ങള്‍ കെ.എസ്.ആര്‍.ടി.സിയുടെ സമയക്രമത്തെ കുറിച്ചള്ള അന്വേഷണം നടത്തിയത്. അപ്പോള്‍ കിട്ടിയവിവരങ്ങള്‍ ആകെ ഞെട്ടിക്കുന്നതായിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ സമയക്രമമെല്ലാം പണ്ടേ പോയ്ക്കിടക്കുകയാണ്. 45 വര്‍ഷം പഴക്കമുള്ള സമയക്രമത്തിലാണ് ആധുനിക കാലത്തെ തിരക്കേറിയ റോഡുകളില്‍ കെ.എസ്.ആര്‍.ടി.സി ഴളയം തിരിച്ചു കൊണ്ടിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ബസുകളുടെ സമയക്രമത്തില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടെന്ന് സമ്മതിക്കാന്‍ ഗതാഗത മന്ത്രി സി.പി ജോണിന് ഒരു മടിയുമുണ്ടായില്ല. കാരണം, സമയത്ത് കാര്യങ്ങള്‍ കൃത്യമാക്കിയില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് മന്ത്രിക്കറിയാം.
ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിശ്ചയിച്ച സമയക്രമം കെ.എസ്.ആര്‍.ടി.സി അട്ടിമറിച്ചുവെന്ന വാര്‍ത്തയാണ് മന്ത്രിയെ കൊണ്ട് ഇത് പറയിപ്പിച്ചത്. ഗതാഗത മേഖലയിലെ നിലവിലെ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്ത സമയക്രമമാണ് ഇപ്പോഴുള്ളതെന്നും ഇതില്‍ കൃത്യമായ പരിശോധന അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കുകയും ചെയ്തു. 1970-80 കാലഘട്ടത്തില്‍ തയ്യാറാക്കിയ സമയക്രമമാണ് സംസ്ഥാനത്ത് ബസുകള്‍ ഇപ്പോഴും പിന്തുടരുന്നത് എന്നത് ഗതാഗത മേഖലയിലെ വലിയൊരു പോരായ്മയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അക്കാലത്തെ അപേക്ഷിച്ച് ഇന്ന് റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗതാഗതക്കുരുക്കുകള്‍ കാരണം യാത്രയ്ക്ക് മുന്‍പത്തേക്കാള്‍ കൂടുതല്‍ സമയം ആവശ്യമായി വരുന്നുണ്ട്. എന്നാല്‍, ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാതെ പഴയ സമയക്രമത്തില്‍ തന്നെ ലക്ഷ്യസ്ഥാനത്ത് ഓടിയെത്താന്‍ ശ്രമിക്കുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
ബസുകളുടെ സമയക്രമത്തെ സംബന്ധിച്ച് വസ്തുതാപരമായ പരിശോധന ഉടന്‍ തന്നെ നടത്തുമെന്ന് മന്ത്രി ഉറപ്പുനല്‍കി. റോഡുകളിലെ നിലവിലെ സാഹചര്യം, വര്‍ധിച്ച യാത്രാ സമയം എന്നിവ ശാസ്ത്രീയമായി പരിശോധിച്ച് സമയക്രമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താനാണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബസുകളുടെ അശാസ്ത്രീയമായ സമയക്രമം ജീവനക്കാരില്‍ വലിയ സമ്മര്‍ദ്ദം ഉണ്ടാക്കുകയും അത് അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ തീരുമാനം പ്രസക്തമാകുന്നത്.
അടുത്തിടെ ബെംഗളൂരുവിന് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവര്‍ മിഥിലേഷ്, കണ്ടക്ടര്‍ അരുണ്‍ എന്നിവര്‍ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഈ ബസിലെ ഡ്രൈവര്‍ 16 മണിക്കൂര്‍ വിശ്രമത്തിന് ശേഷമാണ് ഡ്യൂട്ടിക്ക് കയറിയതെങ്കിലും, മനുഷ്യസഹജമായ ഉറക്കക്ഷീണം സംഭവിച്ചിരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. അമിതമായ യാത്രാഭാരവും പഴയ സമയക്രമം പാലിക്കാനുള്ള നെട്ടോട്ടവും ജീവനക്കാരെ ശാരീരികമായും മാനസികമായും തളര്‍ത്തുന്നുണ്ട് എന്നതിന്റെ സൂചന കൂടിയാണിത്. അപകടത്തില്‍ മരിച്ച സ്ഥിരം ജീവനക്കാരനായ കണ്ടക്ടര്‍ക്ക് ഒരു കോടി രൂപയും, താല്‍ക്കാലിക ജീവനക്കാരനായ ഡ്രൈവര്‍ക്ക് 10 ലക്ഷം രൂപയും ഇന്‍ഷുറന്‍സ് വഴി ലഭ്യമാക്കുമെന്നും, താല്‍ക്കാലിക ജീവനക്കാരുടെ ആശ്രിതര്‍ക്കും ജോലി നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.
















