സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യലഹരിയില്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അപകടസമയത്ത് ബഷീര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മറ്റും മഹസര്‍ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. കേസിലെ പന്ത്രണ്ടാം സാക്ഷിയും ഓട്ടോ ഡ്രൈവറുമായ വിളപ്പില്‍ശാല സ്വദേശി സജീറാണ് തിരുവനന്തപുരം നാലാം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഇവ തിരിച്ചറിഞ്ഞത്.
എന്നാല്‍, തിരിച്ചറിഞ്ഞ നമ്പര്‍ പ്ലേറ്റ് അപകടത്തില്‍പ്പെട്ട ഏത് വാഹനത്തിന്റേതാണെന്ന് കൃത്യമായി അറിയില്ലെന്നും സാക്ഷി മൊഴി നല്‍കി. അപകടം നടന്ന ശേഷമാണ് താന്‍ സംഭവസ്ഥലത്തെത്തിയത്. അതിനാല്‍ വാഹനം ഓടിച്ചിരുന്നത് ആരാണെന്നോ അപകടം എങ്ങനെയാണ് സംഭവിച്ചെന്നോ കണ്ടിട്ടില്ലെന്നും സാക്ഷി കോടതിയെ അറിയിച്ചു. ഇതിന് പുറമെ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറില്‍ നിന്നും കണ്ടെടുത്ത ഏഴ് തൊണ്ടിമുതലുകളും കോടതിയില്‍ മഹസര്‍ സാക്ഷി തിരിച്ചറിഞ്ഞു.
ഇവ പ്രോസിക്യൂഷന്‍ ഭാഗം നാല് മുതല്‍ പത്ത് വരെ തൊണ്ടിമുതലുകളായി അക്കമിട്ട് കോടതി തെളിവില്‍ സ്വീകരിച്ചു. കേസില്‍ ഇതുവരെ 12 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതില്‍ ഒരു സാക്ഷി മാത്രമാണ് ഇതുവരെ കൂറുമാറിയത്.