കുതിരാന്‍ തുരങ്കപ്പാതയുടെ കവാടത്തിനു മുകളിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ വിദഗ്ധസംഘം പരിശോധന നടത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പഴ്സന്‍ കൂടിയായ കലക്ടര്‍ ശിഖ സുരേന്ദ്രന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ സീനിയര്‍ ജിയോളജിസ്റ്റുകളായ എ.രമേശ് കുമാര്‍, എസ്.നിശാന്ത് എന്നിവരടങ്ങുന്ന സംഘം പരിശോധന നടത്തിയത്.
തുരങ്കം തുടങ്ങുന്ന സ്ഥലത്തെയും അതിനു മുകളിലുള്ള കുന്നിന്‍ ചെരിവിലെയും മണ്ണും പാറയും പരിശോധിച്ചു. നിലവിലെ ചെരിവ്, സ്ഥിരത, മണ്ണ്-പാറ എന്നിവയുടെ സ്വഭാവം. ജലനിര്‍ഗമന സൗകര്യങ്ങള്‍, ഭാവിയിലെ അപായ സാധ്യതകള്‍ എന്നീ വിവരങ്ങള്‍ ശേഖരിച്ചു. സമഗ്ര പഠനത്തിനായി തുരങ്ക നിര്‍മാണ സമയത്ത് തയാറാക്കിയ ഡിസൈന്‍ രേഖകള്‍, ഡിപിആര്‍, ഭൗമസാങ്കേതിക പഠന റിപ്പോര്‍ട്ടുകള്‍ എന്നിവ നല്‍കാന്‍ അധികൃതരോട് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രേഖകള്‍ കൂടി പരിശോധിച്ച ശേഷം മേഖലയിലെ അപകടസാധ്യത ഇല്ലാതാക്കാനും പ്രദേശം സുരക്ഷിതമാക്കാനുമുള്ള പരിഹാര നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കും.

















