News

പ്രളയക്കെടുതിയിൽ വീടുകൾ ശുചീകരിക്കുന്ന തിരക്കിനിടയിൽ കുറ്റൂർ സ്വദേശിയായ സുരേഷ് കുമാറിനും ഭാര്യ പ്രിയയ്ക്കും ലഭിച്ചത് അപ്രതീക്ഷിത സന്തോഷം

തിരുവല്ല: പ്രളയക്കെടുതിയിൽ വീടുകൾ ശുചീകരിക്കുന്ന തിരക്കിനിടയിൽ കുറ്റൂർ സ്വദേശിയായ സുരേഷ് കുമാറിനും ഭാര്യ പ്രിയയ്ക്കും ലഭിച്ചത് അപ്രതീക്ഷിത സന്തോഷം. ഒന്നര മാസം മുൻപ് കാണാതായ ഒരു പവൻ തൂക്കം വരുന്ന സ്വർണമോതിരം എലി ഒളിച്ചുകിടന്ന തൊപ്പിക്കകത്ത് നിന്നാണ് കിട്ടിയത്. കുറ്റൂർ തെങ്ങേലിൽ ‘ദീപ്തി’ വീട്ടിൽ പ്രിയയുടെ ഒന്നര പവനോളം മൂല്യമുള്ള സ്വർണമോതിരമാണ് തിരികെ കിട്ടിയത്. പ്രളയത്തിൽ വെള്ളം കയറിയതിനെ തുടർന്ന് വീടിന്റെ ഒന്നാം നിലയിലെ തട്ടിലേക്ക് മാറ്റിയ സാധനങ്ങൾ ഇവിടെ നിന്ന് മാറ്റുന്നതിനിടെയാണ് സംഭവം. തട്ടിന്റെ മൂലയിൽ ഉപയോഗശൂന്യമായി കിടന്ന പനയോല വട്ടത്തൊപ്പിയുടെ ഉള്ളിൽ നിന്നാണ് മോതിരം കണ്ടെത്തിയത്.

സാധനങ്ങൾ മാറ്റുന്നതിനിടെ തൊപ്പിക്കുള്ളിൽ നിന്ന് എലി ചാടിപ്പോകുന്നത് കണ്ട സുരേഷിന്റെ മകൾ അഞ്ജന ഭയന്ന് നിലവിളിക്കുകയായിരുന്നു. തുടർന്ന് തൊപ്പി പരിശോധിച്ചപ്പോഴാണ് ഉള്ളിൽ സ്വർണ മോതിരം കണ്ടത്. എലി ശേഖരിച്ചുവെച്ച പിസ്തയുടെയും ബദാം പരിപ്പിന്റെയും അവശിഷ്ടങ്ങളും തൊപ്പിയുടെ ഉള്ളിൽ ഉണ്ടായിരുന്നു. ഒന്നര മാസം മുൻപ് ഒന്നാം നിലയിലെ കിടപ്പുമുറിയിലെ മേശപ്പുറത്താണ് പ്രിയ മോതിരം ഊരിവെച്ചിരുന്നത്. തുടർന്ന് കാലിന് പരിക്കേറ്റ് പ്രിയ താഴത്തെ നിലയിൽ വിശ്രമത്തിലായതോടെയാണ് മോതിരം കാണാതായ വിവരം അറിയുന്നത്. വീടുമുഴുവൻ തിരഞ്ഞെങ്കിലും മോതിരം കണ്ടെത്താനായിരുന്നില്ല. ഒടുവിൽ പ്രളയകാലത്ത് തിരികെ ലഭിച്ച, ഒരു ലക്ഷ രൂപയിലേറെ വിലമതിക്കുന്ന ഈ ഭാഗ്യ മോതിരത്തിന്റെ സന്തോഷത്തിലാണ് കുടുംബം.

Tags: FLOODring