സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന മാധ്യമപ്രവർത്തകൻ കെ.എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സന്തോഷ് കുമാർ ഇന്ന് കോടതിയിൽ ഹാജരാകും. കെ.എം ബഷീറിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും എ. സന്തോഷ് കുമാറിനെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയോഗിച്ചിരുന്നത്. ശ്രീറാമിന് വേണ്ടി മുതിർന്ന അഭിഭാഷകനായ രാമൻ പിള്ളയാണ് ഹാജരാകുന്നത്. മുതിർന്ന അഭിഭാഷകനെ നിയമിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. കേസിന്റെ വിചാരണ തിരുവനന്തപുരം നാലാം അഡിഷണൽ സെഷൻസ് കോടതിയിൽ തുടരുകയാണ്. കേസിലെ 12 സാക്ഷികളെ ഇതുവരെ വിസ്തരിച്ചിട്ടുണ്ട്.
കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് കെ.എം ബഷീറിന്റെ കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച ആഭ്യന്തര വകുപ്പ് വൈകാതെ തീരുമാനമെടുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. തുടർന്നാണ് നിയമന ഉത്തരവ് ഉണ്ടായത്. തിരുവനന്തപുരം കോടതിയിലാണ് നിലവിൽ വിചാരണ നടപടികൾ പുരോഗമിക്കുന്നത്.
2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാറിടിച്ചാണ് കെ.എം ബഷീർ കൊല്ലപ്പെടുന്നത്. വഫ ഫിറോസിന്റെ പേരിലുളളതായിരുന്നു അപകടമുണ്ടാക്കിയ വാഹനം. സംഭവത്തിൽ ആദ്യം വഫയാണ് വാഹനമോടിച്ചതെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നെങ്കിലും ദൃക്സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലോടെ ഇത് പൊളിയുകയായിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കാൻ തുടങ്ങി കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിരിക്കുന്നത്.
കേസിൽ നിലവിൽ സ്കിൽസ് എക്സലൻസി അക്കാദമി മാനേജിങ് ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമൻ മാത്രമാണ് ഏക പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ നേരത്തെ കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. മനഃപൂർവ്വമല്ലാത്ത നരഹത്യ, മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
















