പശ്ചിമ ബംഗാളില്‍ നിരവധി ക്രിസ്ത്യന്‍ സംഘടനകള്‍ പ്രാര്‍ത്ഥനകളും ഗൃഹ സന്ദര്‍ശനങ്ങളും നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നതിന് പിന്നാലെ ക്രൈസ്തവര്‍ക്ക് എതിരെ അക്രമങ്ങള്‍ വര്‍ധിക്കുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൗറയിലെ ഉലുബേരിയയില്‍ ഒരാഴ്ചയിലധികം മുമ്പ് നടന്ന ആക്രമണത്തില്‍ പാസ്റ്ററെയും വിശ്വാസികളെയും രക്ഷപ്പെടുത്താന്‍ പൊലീസിന് ഇടപെടേണ്ടി വന്നിരുന്നു. കൂടാതെ, പൂര്‍ബ ബര്‍ധമാനില്‍ ഒരു സംസ്‌കാര ചടങ്ങ് തടസ്സപ്പെടുത്തിയതായും, ജൂലൈ 5-ന് സൗത്ത് 24 പര്‍ഗാനാസിലെ സുഭാഷ്ഗ്രാമില്‍ നിര്‍മ്മാണത്തിലിരുന്ന പള്ളി തകര്‍ക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന് പിന്നില്‍ സംഘപരിവാര്‍ സംഘടനകള്‍ എന്നാണ് ആരോപണം. സംസ്‌കാര സ്ഥലം സ്വകാര്യ ഭൂമിയാണെന്ന് ആരോപിച്ചായിരുന്ന ആക്രമണം എന്നാണ് ക്രിസ്ത്യന്‍ സംഘടനകള്‍ പറയുന്നത്. അതേസമയം നിര്‍ബന്ധിത മതപരിവര്‍ത്തന നീക്കമാണ് സംഘര്‍ഷത്തിന് കാരണം എന്നാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദം.
ഓഗസ്റ്റ് 23-ന് ഉലുബേരിയയിലെ വാടകവീട്ടില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ അറുപതോളം പേരാണ് പങ്കെടുത്തിരുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഒരു സംഘം ആളുകള്‍ അവിടെ അതിക്രമിച്ചുകയറി സ്ത്രീകളെ അടക്കം മര്‍ദ്ദിക്കുകയും കെട്ടിടത്തിനുള്ളിലെ സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി പാസ്റ്റര്‍ മിഥുന്‍ ഹസ്ര പറഞ്ഞു. സൗണ്ട് സിസ്റ്റം, പോഡിയം, മേശകള്‍, കസേരകള്‍, ഫാനുകള്‍ എന്നിവ ഇവര്‍ നശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് ഹൗറ റൂറല്‍ എസ്പി അമിത് വര്‍മ്മ അറിയിച്ചത്.
ഉലുബേരിയയിലുണ്ടായ സംഭവം ഒറ്റപ്പെട്ട ഒന്നല്ലെന്ന് ബംഗാള്‍ ക്രിസ്റ്റ്യന്‍ കൗണ്‍സില്‍ സ്ഥാപകന്‍ ഹെറോദ് മല്ലിക് പറഞ്ഞു. ഓഗസ്റ്റ് 30-ന് ജഗത്വല്ലഭ്പൂരിലും ഹിംഗല്‍ഗഞ്ചിലും നടന്ന വീടുകളിലെ പ്രാര്‍ത്ഥനകള്‍ക്ക് നേരെയും സമാനമായ സംഭവം ഉണ്ടായതായി അദ്ദേഹം ആരോപിച്ചു. ഇതിനുമുമ്പ്, ഓഗസ്റ്റ് 14-ന് പൂര്‍ബ ബര്‍ധമാനിലെ സഹാനഗറിലുള്ള സെന്റ് ക്ലാരറ്റ് പള്ളിയില്‍ നടന്ന ഒരു സംസ്‌കാര ചടങ്ങും തടസ്സപ്പെടുത്തപ്പെട്ടിരുന്നു. സംസ്‌കാരത്തിനായി ഉപയോഗിച്ച ഭൂമിയുടെ കാര്യത്തില്‍ ഒരു സംഘം ആളുകള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. മൃതദേഹം മറ്റൊരു സെമിത്തേരിയിലേക്ക് മാറ്റേണ്ടി വന്നതായി വികാരി ഫാദര്‍ സാമുവല്‍ ഹെംബ്രോം പറഞ്ഞു. മരിച്ച സ്ത്രീ ആ പ്രദേശത്തുകാരി അല്ലാത്തതിനാലും, ആ സ്ഥലം ശവസംസ്‌കാരത്തിനുള്ളതാണോ എന്ന് സംശയം പ്രകടിപ്പിച്ചതിനാലുമാണ് നാട്ടുകാര്‍ എതിര്‍പ്പ് ഉന്നയിച്ചതെന്ന് പൊലീസ് നല്‍കുന്ന വിശദീകരണം.
ഹൗറയിലെ ഗുസുരിയില്‍ നടന്ന ഒരു ഭവന പ്രാര്‍ത്ഥനാ യോഗത്തിനുനേരെ ആക്രമണം നടന്നതായും അവിടെയുണ്ടായിരുന്നവരെ മര്‍ദ്ദിച്ച് പരിക്കേല്‍ക്കുകയും ചെയ്തതായി ഫാദര്‍ സൂരജ് സരോജ് പറഞ്ഞു. കിഴക്കന്‍ മിഡ്നാപൂരിലെ ചെക്ക് മൈല്‍പോസ്റ്റില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തിനിടെ തങ്ങളെയും ഭാര്യയെയും മര്‍ദ്ദിക്കുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തതായി ഓഗസ്റ്റ് 26-ന് പാസ്റ്റര്‍ ജോയ് സൂത്രധാറും വെളിപ്പെടുത്തി. ഭയം കാരണം ആദ്യം പരാതി നല്‍കിയിരുന്നില്ലെങ്കിലും, പിന്നീട് ഇമെയില്‍ വഴി പരാതി നല്‍കിയതായാണ് മല്ലിക് പറഞ്ഞത്. ഇത്തരം സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ക്രിസ്ത്യന്‍ സംഘടനകള്‍ പ്രാര്‍ത്ഥന നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.
പണം നല്‍കി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് ആരോപിച്ചാണ് സിംഗാ വാഹിനി പ്രസിഡന്റ് ദേബ്ദത്ത മാജി ആക്രമണങ്ങളെ ന്യായീകരിച്ചത്. മതവിശ്വാസം വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന് പറഞ്ഞ മന്ത്രി ക്ഷുദിറാം ടുഡു, നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണങ്ങള്‍ നിയമപ്രകാരം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ബിജെപി ഭയത്തിന്റെ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ടിഎംസി വക്താവ് പ്രദീപ്ത മുഖര്‍ജി വിമര്‍ശിച്ചത്. ഇത്തരം സംഭവങ്ങളെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് ബിജെപി രാജ്യസഭാ എംപി രാഹുല്‍ സിന്‍ഹ പ്രതികരിക്കാന്‍ വിസമ്മതിച്ചിരുന്നു.

















