2026ലെ ലോകകപ്പ് തോല്‍വിയില്‍ വിഷമിച്ചിരിക്കുന്ന മെസ്സിയും അര്‍ജന്റീന ടീമും കേരളത്തില്‍ നടക്കുന്ന ഒരു സംഭവവും അറിയുന്നില്ല എന്ന സത്യം നിലനില്‍ക്കുമ്പോള്‍ മെസിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പുതിയ തട്ടിപ്പുകള്‍ പുറത്തു വരികയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന കപട മെസ്സി വരവും കോടികളുടെ തട്ടിപ്പും തടയിടാന്‍ ശ്രമിച്ച ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഇടപെടല്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. അന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്ന് എത്തിയ വഴിവിട്ട നിര്‍ദ്ദേശക്കുറിപ്പ് വായിച്ചുതീരുംമുമ്പ്, നിയമവിരുദ്ധമാണെന്ന് ബധ്യമായതോടെ വലിച്ചുകീറിയെറിഞ്ഞ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്. ‘നിയമം അനുശാസിക്കുന്ന വഴിയിലൂടെയല്ലാതെ ഒരു ഫയലും മുന്നോട്ട് പോകില്ല…’ ഈ വാക്കുകളാണ് ഭരണസിരാകേന്ദ്രത്തെ അന്ന് ഞെട്ടിച്ചത്.
ലയണല്‍ മെസിയുടെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെയും കേരള സന്ദര്‍ശനത്തിന്റെ മറവില്‍ നടന്ന കോടികളുടെ കരാര്‍ തട്ടിപ്പിന് കൂട്ടുനില്‍ക്കാത്തതിന് കായിക വകുപ്പില്‍ നിന്ന് തെറിച്ച ആ കസേരയ്ക്ക് പിന്നിലെ കഥകള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ചീഫ് സെക്രട്ടറിയുടെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍, അന്ന് മുഹമ്മദ് ഹനീഷ് ഉയര്‍ത്തിയ ഭരണഘടനാപരമായ ആശങ്കകള്‍ ഓരോന്നും അക്ഷരംപ്രതി ശരിവെക്കപ്പെടുകയാണ്.
- ആരാണ് എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്.?
ഐ.എ.എസ്. വൃന്ദത്തില്‍ ‘നിയമങ്ങളുടെ കാവലാള്‍’ എന്ന് പേരെടുത്ത മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് എ.പി.എം. മുഹമ്മദ് ഹനീഷ്. സര്‍വീസിലുടനീളം സുതാര്യതയ്ക്കും ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും മുന്‍ഗണന നല്‍കിയ അദ്ദേഹം, പൊതുവിദ്യാഭ്യാസം, വ്യവസായം, ധനകാര്യം, കൊച്ചി മെട്രോ തുടങ്ങി നിരവധി സുപ്രധാന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കോ ഉന്നതരുടെ സ്വകാര്യ താല്പര്യങ്ങള്‍ക്കോ വഴങ്ങാതെ ‘സെക്രട്ടറിയേറ്റ് ഓഫീസ് മാനുവലും’ സര്‍ക്കാരിന്റെ ‘റൂള്‍സ് ഓഫ് ബിസിനസ്സും’ കൃത്യമായി ഉയര്‍ത്തിപ്പിടിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനാ ശൈലി. തനിക്ക് മുന്നിലെത്തുന്ന ഫയലുകളില്‍ ഒപ്പിടും മുമ്പ് നിയമ-ധനകാര്യ വശങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നതില്‍ അദ്ദേഹം പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നത്.
- എന്താണ് കായിക വകുപ്പില്‍ നടന്നത്?
മെസി പദ്ധതിയുടെ മറവില്‍ നടന്ന വന്‍ തിരിമറികള്‍ക്ക് ഉദ്യോഗസ്ഥ തലത്തില്‍ തടയിട്ടതാണ് മുഹമ്മദ് ഹനീഷിനെ ഉന്നതരുടെ കരിമ്പട്ടികയിലാക്കിയത്. പദ്ധതിയുടെ ഫയല്‍ നീക്കങ്ങളില്‍ നടന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെയാണ്: 2022 മുതല്‍ വകുപ്പിലെ ഉദ്യോഗസ്ഥരെ ഇരുട്ടില്‍ നിര്‍ത്തി മുന്‍ മന്ത്രിയുടെ സ്വകാര്യ ഇമെയില്‍ അക്കൗണ്ട് വഴിയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി (AFA) ആശയവിനിമയം നടത്തിയത്. ഈ ഫയലുകള്‍ വകുപ്പിലെത്തുന്നത് രണ്ടു വര്‍ഷത്തിന് ശേഷം 2024 മാര്‍ച്ച് 18-ന് മാത്രമാണ്. വകുപ്പിലെ തപാല്‍ വഴിയോ കറന്റ് രജിസ്റ്റര്‍ വഴിയോ വരാത്ത, ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി തയ്യാറാക്കിയ അഴിമതി സൂചനയുള്ള ‘നോട്ട്’ മുന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഹനീഷിന് കൈമാറി. എന്നാല്‍ അത് വായിച്ചയുടന്‍ അദ്ദേഹം കീറിയെറിഞ്ഞ് വിയോജിപ്പ് രേഖപ്പെടുത്തി.
വഴിവിട്ട കരാറുകള്‍ക്ക് പച്ചക്കൊടി കാണിക്കാന്‍ വിസമ്മതിച്ചതോടെ, ഉന്നത രാഷ്ട്രീയ നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ അടിയന്തരമായി കായിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ഹനീഷിന്റെ നിലപാടുകള്‍ക്ക് ഔദ്യോഗിക മുദ്ര കായിക വകുപ്പിന്റെ ചുമതലയില്‍ നിന്ന് ഹനീഷിനെ മാറ്റിയെങ്കിലും, ഇപ്പോള്‍ പുറത്തുവന്ന ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് അദ്ദേഹം എടുത്ത നിലപാടുകള്‍ പൂര്‍ണ്ണമായും ശരിവെക്കുന്നു. ധനകാര്യ വെറ്റിംഗോ നിയമ വകുപ്പിന്റെ പരിശോധനയോ ഇല്ലാതെ അന്താരാഷ്ട്ര ബോഡിയുമായി സാമ്പത്തിക ബാധ്യതയുള്ള വിനിമയങ്ങള്‍ നടത്തിയത് ഗുരുതര ലംഘനമാണ്.
സ്റ്റോര്‍സ് പര്‍ച്ചേസ് ചട്ടങ്ങളും ട്രഷറി കോഡും പൂര്‍ണ്ണമായി ലംഘിച്ചു. പ്രൊപ്പോസലുകള്‍ രജിസ്റ്റര്‍ ചെയ്യാതെ നേരിട്ട് മന്ത്രിതലത്തില്‍ തീരുമാനമെടുത്തു. ആഗോള തലത്തില്‍ നാണക്കേട്: ഫിഫ (FIFA), എ.ഐ.എഫ്.എഫ് (AIFF) അനുമതികളോ വിദേശനാണയ വിനിമയ നിബന്ധനകളോ പരിശോധിക്കാതെ സ്വീകരിച്ച നിലപാടുകള്‍ അന്താരാഷ്ട്ര തലത്തില്‍ കേരളത്തിന്റെ വിശ്വാസ്യത തകര്‍ത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഭരണകൂടത്തിനെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് ബലമേകുന്നതാണ് അന്വേഷണ റിപ്പോര്‍ട്ടിലെ പുതിയ വിവരങ്ങള്‍. വഴിവിട്ട ഇടപാടുകള്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ കസേര നഷ്ടപ്പെട്ട ഉദ്യോഗസ്ഥന്റെ പോരാട്ടം ഭരണസിരാകേന്ദ്രത്തില്‍ പുതിയ ചരിത്രമാവുകയാണ്.
















