മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ കായിക വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഗുരുതരമായ കണ്ടെത്തലുകളുണ്ടെന്നു മുഖ്യമന്ത്രി വി.ഡി.സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റിപ്പോര്‍ട്ട് പരിശോധിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കും. മെസ്സിയുടെ പേരിലുള്ള തട്ടിപ്പില്‍ മുന്‍ സര്‍ക്കാരിന്റെ റോള്‍ എന്തായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ എല്ലാം അന്വേഷണ പരിധിയില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവാദിത്വത്തില്‍ നിന്നു മുന്‍ സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല.
കേരളത്തില്‍ മെസി കളിക്കുമെന്ന് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി കരാറുണ്ടാക്കാന്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് അനുമതി നല്‍കിയതിലെ നടപടികള്‍ എന്തൊക്കെയായിരുന്നു?. വിപണി മൂല്യ നിര്‍ണയമോ ഫണ്ടിന്റെ സ്രോതസ്സോ ഒന്നും പരിഗണിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ പോലും പല കാര്യങ്ങളും അറിഞ്ഞിട്ടില്ല. പരസ്പരവിരുദ്ധമായ ഒട്ടേറെ പ്രസ്താവനകള്‍ വരുന്നുണ്ട്. ഏതോ സ്ഥാപനത്തെ പൂട്ടിക്കാനായി ഞാന്‍ ഇറങ്ങിയെന്നാണ് പറയുന്നത്. അങ്ങനെ ഒന്നും ചെയ്തിട്ടില്ല. റിപ്പോര്‍ട്ട് കയ്യില്‍ കിട്ടിയിട്ടേയുള്ളൂ. ജിഎസ്ടി വെട്ടിപ്പ് നടന്നെന്ന് വ്യക്തമായിട്ടുണ്ട്.
ആ വെട്ടിപ്പ് നടത്തിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ കണ്ടുപിടിക്കുകയും നോട്ടിസ് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട്, ആ അന്വേഷണം മരവിപ്പിക്കപ്പെട്ടതുപോലെയുള്ള അവസ്ഥ അടുത്ത ഏഴുമാസം ഉണ്ടായി. അതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് സര്‍ക്കാരിന് നഷ്ടപ്പെട്ട തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യും. അനാസ്ഥ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.