UAE

റാസല്‍ഖൈമയില്‍ ടൂറിസം സ്ഥാപനങ്ങളില്‍ സുരക്ഷാ പരിശോധന

റാസല്‍ഖൈമ: എമിറേറ്റിലെ ഹോട്ടലുകളിലും ടൂറിസം സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടത്തി വന്ന പരിശോധന-ബോധവത്കരണ പ്രചാരണം സമാപിച്ചു. ‘ടൂറിസം സ്ഥാപനങ്ങളുടെ സുരക്ഷ’ എന്ന പേരില്‍ റാക് പൊലീസിന്‍റെയും ടൂറിസം ഡെവലപ്​മെന്‍റ് അതോറിറ്റിയുടെയും (റാക്​ ടി.ഡി.എ) നേതൃത്വത്തിലായിരുന്നു കാമ്പയിന്‍.

ടൂറിസം മേഖലയിലെ വിവിധ സ്ഥാപനങ്ങളില്‍ സംയുക്ത സംഘങ്ങള്‍ ഫീല്‍ഡ് പരിശോധന നടത്തി. അതിഥികള്‍, ജീവനക്കാര്‍, സന്ദര്‍ശകർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്ഥാപനങ്ങളുടെ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങളുടെ സ്ഥിതിയും പരിശോധിക്കുന്നതായിരുന്നു കാമ്പയിനെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഉമര്‍ മുഹമ്മദ് അല്‍ തനൈജി പറഞ്ഞു. സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ സ്ഥാപന മേധാവികളുമായി പങ്കുവെച്ചു. തുടര്‍ച്ചയായ നിരീക്ഷണം, പരിശീലനം, സര്‍ക്കാര്‍-സ്വകാര്യ മേഖല സഹകരണം എന്നിവ ഉറപ്പാക്കേണ്ടതിന്‍റെ പ്രാധാന്യവും അധികൃതര്‍ ചൂണ്ടിക്കാട്ടി. റാസല്‍ഖൈമയുടെ ടൂറിസം മേഖലയിലുള്ള സന്ദര്‍ശകരുടെ വിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഇത്തരം പരിശോധനകളെന്ന് ടൂറിസം പൊലീസ് വിഭാഗം മേധാവി മേജര്‍ ഗാനം അല്‍ സുവൈദി പറഞ്ഞു. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും സ്ഥാപനങ്ങള്‍ക്കിടയില്‍ മികച്ച സുരക്ഷ രീതികള്‍ പങ്കുവെക്കുന്നതിനും കാമ്പയിന്‍ സഹായിച്ചതായും അദ്ദേഹം പറഞ്ഞു. സുരക്ഷാ പരിശോധനകള്‍ തുടരുമെന്നും ഫീല്‍ഡ് പരിശോധനകള്‍, ബോധവത്കരണ പരിപാടികള്‍, പരിശീലനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.