വാട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിക്കുന്ന അജ്ഞാത ലിങ്കുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്ന് യു.എ.ഇയിൽ സൈബർ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്.
വാട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിക്കുന്ന വ്യാജ ആപ്പ് ലിങ്കുകൾ വഴി മാൽവെയറുകൾ ഡിവൈസുകളിലേക്ക് കടന്നുകൂടാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ആൻഡ്രോയ്ഡ് ഉപയോക്താക്കൾ ഗൂഗിൾ പ്ലേ സ്റ്റോർ വഴിയും, ഐഫോൺ ഉപയോക്താക്കൾ ആപ്പിൾ ആപ്പ് സ്റ്റോർ വഴിയും മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യണമെന്ന് വിദഗ്ധർ അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ.
വ്യാജ ആപ്പുകൾ നിർമിച്ച് ഉപയോക്താക്കളെ കബളിപ്പിക്കാൻ ഹാക്കർമാർ ഈ മേഖലയെ പ്രധാന ലക്ഷ്യമായി കാണുന്നുവെന്ന് ഗിസെക് ഗ്ലോബൽ 2026 (Gisec Global 2026) വേദിയിൽ സംസാരിച്ച പ്രൊട്ടക്റ്റ് ഡോട്ട് എഐ (Protectt.AI) മിഡിൽ ഈസ്റ്റ് മേധാവി പുഷ്കർ സിങ് വ്യക്തമാക്കി.
വാട്സ് ആപ്പ്, ടെലഗ്രാം എന്നിവയിലൂടെ പ്രചരിക്കുന്ന പല ആപ്പുകളിലും ഉപയോക്താക്കൾ അറിയാതെ തന്നെ ഹാനികരമായ മാൽവെയർ കോഡുകൾ കുത്തിവെച്ചിട്ടുണ്ടാകാം. അറിയാതെ ഡൗൺലോഡ് ചെയ്യുന്ന ഇത്തരം വ്യാജ ആപ്പുകൾ ഓഫീസുകളിലെ ഔദ്യോഗിക ഡിവൈസുകളിൽ പ്രവർത്തിക്കാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ജീവനക്കാർ സ്ഥാപനങ്ങളിൽ ഒരുക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.















