രാജ്യസഭയിലെ ‘ലുങ്കിവാല’ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധവുമായി ജോണ്‍ ബ്രിട്ടാസ് എംപി. പരാമര്‍ശം വ്യക്തിപരമായ വിഷയമായി കാണാനാകില്ലെന്നും തെക്കേ ഇന്ത്യയോടുള്ള ബിജെപിയുടെ സമീപനമാണ് ഇതിലൂടെ പുറത്തുവന്നതെന്നും ബ്രിട്ടാസ് പറഞ്ഞു. മഹാരാഷ്ട്രയില്‍ തെക്കേ ഇന്ത്യക്കാരെ ആട്ടിപ്പായിക്കാന്‍ നേരത്തെ ഉപയോഗിച്ചിരുന്ന മുദ്രാവാക്യമാണ് ‘ലുങ്കിവാല’ എന്നും ബ്രിട്ടാസ് ആരോപിച്ചു. രാജ്യസഭയിലെ പരാമര്‍ശം ഭരണഘടനയുടെ അന്തസ്സിനും സഭയുടെ നടപടിക്രമങ്ങള്‍ക്കും നിരക്കാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വിഷയത്തില്‍ സുഷ്മിത ദേബുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട സാഹചര്യമില്ലെന്നും ബ്രിട്ടാസ് പറഞ്ഞു. ചായ കുടിച്ച് തീര്‍ക്കേണ്ട വിഷയമല്ല ഇതെന്നും, തെക്കേ ഇന്ത്യക്കാരെ അപമാനിക്കുന്ന സമീപനത്തിനെതിരായ രാഷ്ട്രീയ നിലപാടാണ് തന്റെ പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിഎയിലെ ചില ഘടകകക്ഷികള്‍ പോലും പരാമര്‍ശത്തിനെതിരെ പ്രതിഷേധിച്ചുവെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. തെക്കേ ഇന്ത്യയിലേക്ക് ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ ‘ഔട്ട്‌റീച്ച്’ നടപടികള്‍ക്കിടെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉയരുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.