കൂടുതല്‍ വീര്യമുള്ള നായ ഇനത്തില്‍പ്പെട്ടവയാണ് പിറ്റ്ബുള്‍ നായകള്‍. എതിരാളികെ കടിച്ച് മുറിവേല്‍പ്പിക്കുക മാത്രമല്ല, ഭപ്പെടുത്തി നിര്‍ത്താനും ഇഴയ്ക്ക് കഴിയും. ആക്കമിക്കുകയോ, ആട്ടിയോടിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്തോറും ഇവയുടെ ശൗര്യം വര്‍ദ്ധിക്കുമെന്നതാണ് പ്രത്യേകത. പഞ്ചാബിലെ ഘുമാന്‍ നഗറില്‍ പിറ്റ്ബുള്‍ നായയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്കു ഗുരുതര പരുക്കു പറ്റിയ വാര്‍ത്തയാണ് ഞെട്ടിക്കുന്നത്. പട്യാല സ്വദേശികളായ അങ്കിത് സഭര്‍വാളും ഭാര്യ ഷിഫാലിയുമാണ് നായയുടെ ആക്രമണത്തിന് ഇരയായത്. വാടക വീട് കാണുന്നതിനായാണ് ഇരുവരും ഘുമാന്‍ നഗറിലെത്തിയത്. വീടിന്റെ ഗേറ്റ് തുറന്നപ്പോള്‍ തന്നെ നായ ചാടി വന്ന് ആക്രമിക്കുകയും ചെയ്തു.
ഈ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഷിഫാലിയുടെ കൈയില്‍ കടിച്ചുകുടഞ്ഞ നായ ശരീരമാസകലം പരുക്കേല്‍പ്പിച്ചതായി അങ്കിത് പറഞ്ഞു. ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അങ്കിത്തിനും സാരമായി പരുക്കേറ്റു. യുവാവിന്റെ കാലിലും പുറകിലും നായ കടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സമീപവാസികള്‍ ദമ്പതികളെ രക്ഷിക്കാനെത്തിയെങ്കിലും അവര്‍ക്ക് നേരെയും നായ തിരിഞ്ഞു. ആദ്യമൊരു സ്ത്രീ നായയെ ഓടിക്കാനായി വടിയുമായി എത്തിയെങ്കിലും നായ ആക്രമണം തുടര്‍ന്നു. പിന്നീട് മൂന്നു പേര്‍ വടിയുമായി എത്തി നായയെ ഓടിച്ചാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. ഗുരുതതമായി പരുക്കേറ്റ ഭാര്യയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
സംഭവത്തിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കിയതായി അങ്കിത് പറഞ്ഞു. നായയെ തുറന്നുവിട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ആക്രമകാരികളായ നായകളെ നഗരത്തില്‍ വളര്‍ത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് പട്യാല മേയര്‍ കുന്ദന്‍ ഗോഗിയ പറഞ്ഞു.
















