ലഹരിയില്‍ അടിമപ്പെട്ട് മാതാപിതാക്കളെ അതിക്രൂരമായി കൊലപ്പെടുത്തി മകന്‍. കൊലപ്പെടുത്തുന്നത് വീഡിയോയില്‍ പകര്‍ത്തി ബന്ധുവിന് അയച്ചു കൊടുത്തു. ഇടുക്കിയിലാണ് പൈശാചികമായ ഈ കൊലപാതകങ്ങള്‍ അരങ്ങേറിയത്. മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടായിരുന്നു. എഴുകുംവയല്‍ പാറത്തറയില്‍ ആന്റണി (55), ഭാര്യ വത്സമ്മ (50) എന്നിവരെയാണ് കെന്നത്. ഇവരുടെ മകന്‍ അജീഷ് ആന്റണിയെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്ക് അടിമയായിരുന്ന അജീഷ് അച്ഛനെയും അമ്മയെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം അജീഷ് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബന്ധുവിന് അയച്ചുകൊടുത്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ബന്ധു ഈ ദൃശ്യങ്ങള്‍ ഇടവകയിലെ വൈദികന് കൈമാറി. തുടര്‍ന്ന് അദ്ദേഹം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന അജീഷ് മാതാപിതാക്കളുമായി വഴക്കിട്ട ശേഷം പ്രകോപിതനായി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാരെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു പ്രതിയും. ഇയാള്‍ക്ക് കയ്യില്‍ പരുക്കേറ്റിട്ടുണ്ട്. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. അജീഷ് ലഹരിമുക്തികേന്ദ്രത്തില്‍ ചികിത്സയിലായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ആന്റണിയുടെ മാതാവ് ചിന്നമ്മ വീട്ടില്‍ ഉണ്ടായിരുന്നു. പക്ഷേ പ്രതി ചിന്നമയെ ആക്രമിച്ചില്ല. പ്രദേശവാസികള്‍ എത്തിയതിനു ശേഷമാണ് ചിന്നമ്മയെ മാറ്റിയത്.