കുപ്രസിദ്ധ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തലവന്‍ വീരേന്ദര്‍ സിങ് ബസോയിയെ യുഎഇയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു. 6,000 കോടിയുടെ മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയായ ബസോയിക്കെതിരെ ദേശീയ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ ആവശ്യപ്രകാരം റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജൂണിലാണ് യുഎഇയില്‍ ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ത്യയിലെത്തിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് അധികൃതര്‍ അറിയിച്ചു.
മയക്കുമരുന്ന് കേസുകളിലെയും റാക്കറ്റുകളിലെയും മുഖ്യസൂത്രധാരനായ ബസോയ് 2023ലാണ് ഇന്ത്യ വിട്ടത്. തൊട്ടടുത്ത വര്‍ഷം ഒക്ടോബറില്‍ ഡല്‍ഹിയിലെ മഹിപാല്‍പൂര്‍ എക്‌സ്റ്റെന്‍ഷന്‍സില്‍ നിന്ന് 550 കിലോ കൊക്കെയ്‌നും 40 കിലോ ഹൈഡ്രോപോണിക് കഞ്ചാവും പിടികൂടിയിരുന്നു. കൊക്കെയ്‌ന് സമാനമായ മറ്റൊരു ലഹരിവസ്തുവും 16 കിലോ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അന്വേഷണത്തിനിടെ ഇയാളുടെ കൂട്ടാളികളില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടുകയുണ്ടായി. ബസോയിയുമായി ബന്ധമുള്ള 14 പേര്‍ ഇതിനോടകം ലഹരിക്കേസില്‍ പിടിയിലായിട്ടുണ്ട്. പിന്നാലെയാണ് മുഖ്യസൂത്രധാരനെയും പൊലീസ് വലയിലാക്കിയിരിക്കുന്നത്. ക്രിമിനല്‍ കേസുകളിലും ലഹരിക്കടത്തിലും പ്രതിയായ ഇയാളുടെ മകന്‍ ഋഷഭ് ബസോയിക്കെതിരെയും പൊലീസ് നീക്കം നടത്തുന്നുണ്ട്. ഇയാള്‍ക്കെതിരെയും ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
















