Crime

പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചവനെ മുത്തശ്ശി അന്വേഷിച്ചു പിടിച്ച് വെട്ടി

തമിഴ്‌നാട് കൊലിത്തലൈയില്‍ നടന്ന സംഭവമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. പേരക്കുട്ടിയായ നാലു വയസ്സുകാരിയെ പീഡിപ്പിച്ചവനെ മുത്തശ്ശി അന്വേഷിച്ച് കണ്ടെത്തി വടിവാളിനു വെട്ടി അരിശം തീര്‍ത്തു. തന്റെ പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ വേദനയും ദേഷ്യവും തീരുന്നതുവരെ വെട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടിലെ കൊളിത്തലൈയിലെ ടോള്‍ഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തില്‍ 55കാരിയായ മുത്തശ്ശിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കുട്ടിയുടെ മുത്തശ്ശിയും മുത്തച്ഛനും കൊളിത്തലൈക്ക് സമീപമുള്ള ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്. കുട്ടി മാതാപിതാക്കളോടൊപ്പം മറ്റൊരു ഗ്രാമത്തിലും താമസിക്കുന്നു.

കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലെത്തിക്കാന്‍ അയല്‍വാസിയോട് കുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ കുട്ടിയെ തന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ വച്ച് കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചു. പീഡനത്തിന് ശേഷം കുട്ടിയെ മുത്തശ്ശിയുടെ വീടിന് സമീപം ഉപേക്ഷിച്ചു. ശേഷം യുവാവ് കടന്നുകളയുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി മുത്തശ്ശിയോട് സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. കുട്ടി പറഞ്ഞതു കേട്ട മുത്തശ്ശിക്ക് എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. തുടര്‍ന്നുണ്ടായ ദേഷ്യവും വേദനയും ഉള്ളല്‍ ഒതുക്കി, മുത്തശ്ശി ആയുധവുമായി യുവാവിനെ തേടിയിറങ്ങി. ഗ്രാമം വിട്ടുള്ള കുളിത്തലൈയിലെ ഒരു ചായക്കടയ്ക്ക് അടുത്തുവച്ച് യുവാവിനെ മുത്തശ്ശി കണ്ടു.

മുത്തശ്‌സിയെ കണ്ടപാടെ ഇയാള്‍ ഓടാന്‍ ശ്രമിച്ചെങ്കിലും, മുത്തശ്ശി ഇയാളെ കയ്യിലുണ്ടായിരുന്ന വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. പത്തോളം വെട്ട് ഇയാള്‍ക്ക് ഏറ്റിട്ടുണ്ടെന്നാണ് നിഗമനം. കാലിനും കൈയ്ക്കും മുഖത്തും വെട്ടേറ്റിട്ടുണ്ടെന്ന് പോലീസ് പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മുത്തശ്ശിയില്‍ നിന്ന് വടിവാള്‍ പിടിച്ചെടുക്കുകയും അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഗുരുതരമായ പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടിയുടെ കുടുംബാംഗങ്ങളില്‍ നിന്ന് പരാതി ലഭിച്ചതായും പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.