സവർക്കറുടെ ജയിൽ വാസത്തിന്റെ വർഷങ്ങൾ കൂട്ടിപ്പറഞ്ഞ് സംവിധായകന്റെ കവിത. സവർക്കർ 27 വർഷം ബ്രിട്ടീഷ് തടവിൽ കിടന്നുവെന്ന് അവകാശപ്പെട്ട് സിനിമ സംവിധായകനും നിർമാതാവും ഷാർജയിലെ വ്യവസായിയുമായ സോഹൻ റോയിയാണ് കവിത എഴുതിയത്. സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച കവിതയിൽ സവർക്കർ 27 വർഷം ബ്രിട്ടീഷ് തടവിൽ കിടന്നു എന്നാണ് അവകാശപ്പെടുന്നത്.
‘നിന്നോളമാരുമെൻ നാടിന്റെ പന്തമായ് ഇന്നോളമത്ര ഉള്ളിൽ കിടന്നില്ല, നിന്നോളമിത്രമേൽ കല്ലുകളേറ്റേറ്റ് കുന്നായ കല്ലറക്കുള്ളിൽ ജ്വലിച്ചില്ല..” എന്നാണ് കവിത പറയുന്നത്. എന്നാൽ പതിമൂന്നര വർഷം മാത്രമാണ് സവർക്കർ ജയിലിൽ കഴിഞ്ഞത്. പല തവണ ബ്രിട്ടന് മാപ്പെഴുതി കൊടുത്തിരുന്നു. ഒടുവിൽ മാപ്പ് പറഞ്ഞാണ് ജയിലിൽ നിന്ന് പുറത്തുവന്നത്. 30 വർഷം ജയിലിൽ കിടക്കേണ്ടി വന്ന തൃലോക്‌നാഥ് ചക്രവർത്തി, പണ്ഡിറ്റ് പരമാനനന്ദ്, സമരത്തിന്റെ ആദ്യ നാളുകളിൽ 47 വർഷം ജയിലിൽ കിടന്ന ഉദാന്തസായ്, സുരേന്ദ്രസായ് എന്നിവരുടെ ചരിത്രം മറച്ചുവെച്ചാണ് സവർക്കറെ വാഴ്ത്തുന്നത് എന്നാണ് വിമർശനം.
കവിത പോസ്റ്റ് ചെയ്തതിന് താഴെയും ആളുകൾ കടുത്ത വിമർശം ഉന്നയിക്കുന്നുണ്ട്. നേരത്തേ കോവിഡ് കാലത്ത് തബ്‌ലീഗ് ജമാഅത്താണ് രോഗം പരത്തിയത് എന്ന നിലയിൽ കവിതയെഴുതി സോഹൻ റോയ് വിവാദത്തിലായിട്ടുണ്ട്. ഈ വിഷയത്തിൽ പിന്നീട് മാപ്പ് പറയുകയായിരുന്നു.
ഡാം, ഡാം 999, ജലം തുടങ്ങിയ സിനിമകളുടെ നിർമാതാവും സംവിധായകനുമായ ഇദ്ദേഹം കൊല്ലം പുനലൂർ സ്വദേശിയാണ്. ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപകനും സി.ഇ.ഒയുമാണ്.
sohan roys,poem misrepresents,savarkars

















