Kerala

മെസ്സിയുടെ വരവ്: കലൂര്‍ സ്‌റ്റേഡിയത്തിലെ ഫ്‌ളഡ് ലൈറ്റ് സ്ഥാപിച്ചതില്‍ GCDAക്ക് ബന്ധമില്ല; ഇടപാട് സ്‌പോണ്‍സറും കരാര്‍ കമ്പനിയും തമ്മില്‍

അര്‍ജന്റീന മത്സരത്തിന്റെ പേരില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ ഫ്‌ളഡ് ലൈറ്റ് സ്ഥാപിച്ച കമ്പനിക്ക് സ്‌പോണ്‍സര്‍ പണം നല്‍കാതെ വഞ്ചിച്ചതില്‍ ഉത്തരവാദിത്തം ഏല്‍ക്കാനാകില്ലെന്ന് ജിസിഡിഎ. സ്‌പോണ്‍സറുമായി ബന്ധമില്ലെന്നാണ് ലൈറ്റിംഗ് ടെക്‌നോളജീസ് എന്ന കമ്പനിയെ ജിസിഡിഎ അറിയിച്ചത്. സ്‌പോണ്‍സറില്‍ നിന്നും പണം വാങ്ങിത്തരണമെന്ന കമ്പനിയുടെ കത്തിനാണ് ജി.സി.ഡി.എയുടെ മറുപടി.

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ സന്ദര്‍ശനത്തിന്റെ പേരില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ പുതിയ ഫ്‌ലഡ് ലൈറ്റുകള്‍ സ്ഥാപിച്ചത് ബംഗലൂരുവിലെ ലൈറ്റിംഗ് ടെക്‌നോളജീസ് എന്ന കമ്പനിയാണ്. മത്സര നടത്തിപ്പും സ്റ്റേഡിയം നവീകരണവും ഏറ്റെടുത്ത സ്‌പോണ്‍സര്‍ നല്‍കാന്‍ ബാക്കിയുള്ള 3.68 കോടി രൂപ വാങ്ങിത്തരണമെന്നാണ് ഈ കമ്പനി ജിസിഡിഎയോട് ആവശ്യപ്പെട്ടത്.

ഈ ആവശ്യമുന്നയിച്ച് ജൂണ്‍, ജൂലൈ മാസങ്ങളിലായി കമ്പനി അയച്ച രണ്ട് കത്തുകള്‍ക്ക് നല്‍കിയ മറുപടിയില്‍ പണം വാങ്ങിത്തരാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്ന് ജിസിഡിഎ വ്യക്തമാക്കി. സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമായി തങ്ങള്‍ക്ക് ബന്ധമില്ല. കമ്പനിയുമായി സ്‌പോണ്‍സര്‍ ഉണ്ടാക്കിയ കരാറില്‍ ജിസിഡിഎ പങ്കാളിയുമല്ല. അതിനാല്‍ പണം സംബന്ധിച്ച കാര്യങ്ങള്‍ക്ക് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ തന്നെ സമീപിക്കണമെന്നും ജിസിഡിഎ മറുപടിക്കത്തില്‍ പറയുന്നു.

അഞ്ച് കോടിയിലേറെ രൂപക്കാണ് ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള കരാര്‍ ഉണ്ടാക്കിയത്. ഇതില്‍ ഒന്നര കോടി രൂപ സ്‌പോണ്‍സര്‍ നേരത്തേ ലൈറ്റിംഗ് ടെക്‌നോളജീസിന് നല്‍കി. മത്സരം നടക്കില്ലെന്ന് വന്നതോടെ ബാക്കി തുകയായ 3.68 കോടി രൂപ സ്‌പോണ്‍സര്‍ നല്‍കിയില്ലെന്നാണ് പരാതി.