Kozhikode

റോബോട്ടിക് ജോയിന്റ് റീപ്ലേസ്‌മെന്റ് ചികിത്സ വിപുലപ്പെടുത്തി മേയ്ത്ര ഹോസ്പിറ്റൽ; രണ്ടാമത്തെ സർജിക്കൽ റോബോട്ടും പ്രവർത്തനസജ്ജം

ഓർത്തോപീഡിക് വിഭാഗത്തിൽ ഒന്നിലധികം റോബോട്ടിക് സർജറി സംവിധാനങ്ങളുള്ള സംസ്ഥാനത്തെ ആദ്യ ആശുപത്രിയായി മേയ്ത്ര

കോഴിക്കോട്: വലുതും സങ്കീർണവുമായ സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ അതിനൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്നതിന്റെ ഭാഗമായി മേയ്ത്ര ഹോസ്പിറ്റലിന്റെ ഓർത്തോപീഡിക് വിഭാഗത്തിൽ അത്യാധുനിക റോബോട്ടിക് സർജറി സംവിധാനം (സ്‌ട്രൈക്കർ- മാകോ) സജ്ജീകരിച്ചു. ഓർത്തോപീഡിക് വിഭാഗത്തിലേക്കുള്ള രണ്ടാമത്തെ റോബോട്ടിക് സർജറി സംവിധാനമാണ് മേയ്ത്ര ഹോസ്പിറ്റലിലുള്ളത്. ഇതോടെ, ഒന്നിലധികം ഡെഡിക്കേറ്റഡ് റോബോട്ടിക് സിസ്റ്റത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ഓർത്തോപീഡിക് വിഭാഗമെന്ന നേട്ടവും മേയ്ത്ര സ്വന്തമാക്കി. ആശുപത്രിയിൽ നടന്ന ചടങ്ങിൽ നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ, വ്ലോഗറും ടെലിവിഷൻ അവതാരകനുമായ കാർത്തിക് സൂര്യ എന്നിവർ റോബോട്ടിക് സർജറി സംവിധാനത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.

പൂർണവും ഭാഗികവുമായ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ, ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ എന്നിവ വിശ്വസ്തതയോടെയും കാര്യക്ഷമമായും പൂർത്തിയാക്കാൻ സാധിക്കുന്ന നൂതന റോബോട്ടിക് സംവിധാനമാണ് ഹോസ്പിറ്റലിലുള്ളത്. ശസ്ത്രക്രിയയ്ക്ക് മുൻപുള്ള ആസൂത്രണത്തിനും ശസ്ത്രക്രിയ വേളയിലെ സൂക്ഷ്മതയ്ക്കും ഡോക്ടർമാരെ സഹായിക്കുന്നതാണ് റോബോട്ടിക് സാങ്കേതികവിദ്യ. സർജറിയുടെ കൃത്യത വർധിപ്പിക്കുന്നതിനോടൊപ്പം കോശങ്ങൾക്കുള്ള ആഘാതം, രക്തനഷ്ടം എന്നിവ കുറയ്ക്കാനും വേഗത്തിൽ രോഗമുക്തി നേടാനും ഇതിലൂടെ സാധിക്കും.

അതിനൂതന ടെക്നോളജിയുടെ സഹായത്തോടെ രോഗികൾക്ക് മികച്ച സേവനം നൽകുകയെന്ന സമീപനമാണ് മേയ്ത്ര ഹോസ്പിറ്റലിനുള്ളതെന്നു സിഇഒ നിഹാജ് മുഹമ്മദ് പറഞ്ഞു. വർധിച്ചുവരുന്ന സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ കൃത്യമായി പൂർത്തിയാക്കാനും കൂടുതൽ രോഗികൾക്ക് ആധുനിക റോബോട്ടിക് സർജറി സംവിധാനത്തിന്റെ സേവനം ലഭ്യമാക്കാനും സങ്കീർണമായ ശസ്ത്രക്രിയകൾ ഏറ്റെടുക്കാനും സഹായിക്കുന്നതാണ് റോബോട്ടിക് സർജറി സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോബോട്ടിക് സഹായത്തോടെയുള്ള ജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയകൾ ഉയർന്ന കൃത്യതയാണ് നൽകുന്നതെന്ന് മേയ്ത്ര ഹോസ്പിറ്റൽ ബോൺ, ജോയിന്റ് ആൻഡ് സ്പൈൻ സെന്ററിലെ ആർത്രോപ്ലാസ്റ്റി ആൻഡ് ആർത്രോസ്കോപ്പി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. സമീർ അലി പരവത്ത് പറഞ്ഞു. ഓരോ രോഗിക്കും അനുയോജ്യമായ രീതിയിൽ ശസ്ത്രക്രിയ പ്ലാൻ ചെയ്യാനും കൃത്യതയോടെ നടപ്പാക്കാനും റോബോട്ടിക് സംവിധാനത്തിലൂടെ സാധിക്കുന്നു. സങ്കീർണമായ ജോയിന്റ് ശസ്ത്രക്രിയകൾ കൂടുതൽ രോഗികളിൽ നടത്താൻ റോബോട്ടിക് സംവിധാനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയോജന ജനസംഖ്യയിൽ വർധനവ് രേഖപ്പെടുത്തുന്ന കേരളത്തിൽ അഡ്വാൻസ്ഡ് ജോയിന്റ് കെയർ സംവിധാനങ്ങളുടെ ആവശ്യകത ഏറുകയാണ്. പ്രായമാകുമ്പോൾ അനുഭവപ്പെടുന്ന അസ്ഥി-പേശി രോഗങ്ങൾക്ക് കൃത്യതയാർന്ന ചികിത്സാരീതികൾ നൽകുന്നതിന്റെ ഭാഗമായാണ് പുത്തൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന റോബോട്ടിക് സംവിധാനങ്ങൾ സജ്ജമാക്കിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Maitra Hospital expands robotic joint replacement treatment; second surgical robot now operational