കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പാടിയതുമായി ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം. പരിപാടിയില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിക്കുന്നതിനെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി തടയാന്‍ ശ്രമിച്ചുവെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ഈ ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചു.
ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഭവനത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ, വന്ദേമാതരം ആലപിക്കുമ്പോള്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് സംസാരിക്കുന്നതും ആംഗ്യം കാണിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. തുടര്‍ന്ന് സേവാദള്‍ പ്രവര്‍ത്തകന്‍ സോണിയയുടെ അടുത്തെത്തി സംസാരിച്ചു. ഇതിനു പിന്നാലെ സോണിയയും രാഹുല്‍ ഗാന്ധിയും സേവാദള്‍ ചീഫ് ബിവി ശ്രീനിവാസുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ബിജെപി വക്താവ് സുധാന്‍ഷു ത്രിവേദി രംഗത്തെത്തി. സ്വാതന്ത്ര്യദിനത്തില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ തമ്മില്‍ സംസാരിക്കുന്നതും അനാദരവ് കാണിക്കുന്നതും നിര്‍ഭാഗ്യകരമാണെന്ന്ന്ന് സുധാന്‍ഷു എക്‌സില്‍ കുറിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

















