ക്ഷേത്രഭൂമിയില്‍ അതിക്രമിച്ചു കയറിയതിന് ബിജെപിക്കെതിരെ പൊലീസില്‍ പരാതി നല്‍കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ അനധികൃതമായി സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് ദേവസ്വം ബോര്‍ഡിന്റെ പരാതി. തേക്കിന്‍കാട് മൈതാനം രാഷ്ട്രീയ പരിപാടികള്‍ക്കായി ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ബിജെപി പ്രവര്‍ത്തകര്‍ പരിപാടി നടത്തിയതെന്നാണ് പരാതി.
സംഭവത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായാണ് തൃശൂരില്‍ ബിജെപി സമാന്തര സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. മന്ത്രി ഒ.ജെ ജെനീഷ് പങ്കെടുക്കുന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നതിനിടെയായിരുന്നു തേക്കിന്‍കാട് മൈതാനത്ത് ബിജെപിയുടെ പ്രതിഷേധം.
ബിജെപിയുടെ നടപടിയെ മന്ത്രി ഒ.ജെ ജനീഷ് വിമര്‍ശിച്ചിരുന്നു. വന്ദേമാതരത്തിന്റെ പേരില്‍ തൃശ്ശൂരില്‍ ബിജെപി നടത്തിയ പ്രതിഷേധം സ്വതന്ത്ര്യ ദിനത്തിന്റെ പവിത്രത കളങ്കപ്പെടുത്തുന്നതാണെന്നാണ് മന്ത്രിയുടെ വിമര്‍ശനം. ബിജെപി നടപടിയെ സിപിഎമ്മും വിമര്‍ശിച്ചിരുന്നു.

















