സൂപ്പർ താരം മോഹൻലാലിനൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട് ഇന്ത്യയുടെ മലയാളി ലോകകപ്പ് ഹീറോ സഞ്ജു സാംസൺ. ക്രിക്കറ്റിൽ നിന്നുള്ള ഇടവേള ആസ്വദിക്കുന്നതിനിടെയാണ് ആരാധകരെ ഞെട്ടിച്ചുള്ള ചേട്ടൻ- ലാലേട്ടൻ സംഗമം. മോഹൻ ലാലിനൊപ്പം ഒരു വാഹനത്തിൽ ഇരുന്നുള്ള സഞ്ജുവിന്റെ സെൽഫിയാണ് ശ്രദ്ധേയമായത്. താരത്തിന്റെ ഓഫീഷ്യൽ ഇൻസ്റ്റ അക്കൗണ്ടായ ടീം സാസംൺ പോസ്റ്റ് ചെയ്ത ഫോട്ടോ സഞ്ജു തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി വീണ്ടും പങ്കിടുകയായിരുന്നു. സഞ്ജുവാണ് സെൽഫി പകർത്തുന്നത്.
ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കു ശേഷം താരം ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. സിംബാബ്‍വെക്കെതിരായ ടീമിൽ സഞ്ജു ഇടംപിടിച്ചിരുന്നില്ല. അടുത്ത മാസം ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ സഞ്ജു ഉൾപ്പെട്ടിട്ടുണ്ട്. അതിനായുള്ള ഒരുക്കത്തിനിടെയാണ് താരത്തിന്റെ ശ്രദ്ധേയ ഇൻസ്റ്റഗ്രാം സ്റ്റോറി.
കൂടിക്കാഴ്ചയുടെ കാരണം വ്യക്തമല്ല. ചിത്രത്തിനൊപ്പമുള്ള അടിക്കുറിപ്പ് അതേസമയം ആരാധകരിൽ വലിയ ആകാംക്ഷ ഉണ്ടാക്കുന്നുണ്ട്. ‘വളരെ സവിശേഷമായ ഒരു കാര്യം വരുന്നുണ്ട്’ എന്നായിരുന്നു ടീം സാംസൺ പങ്കുവച്ച ചിത്രത്തിന്റെ അടിക്കുറിപ്പ്. സഞ്ജു സാംസൺ സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണോ എന്നൊരു സംശയവും ആരാധകർ സെൽഫി കണ്ട് ചോദിച്ചിക്കുന്നുണ്ട്.
ഈ പോസ്റ്റ് തന്റെ സ്റ്റോറിയായി പങ്കിട്ട് സഞ്ജു കുറിച്ചു.
‘ഗോട്ട്, ലാലേട്ടനൊപ്പം ഇങ്ങനെയൊരു കാര്യം ചെയ്യാൻ കഴിഞ്ഞത് തികച്ചും സവിശേഷമായ ഒരു അനുഭവമാണ്‘. സഞ്ജുവിന്റെ ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്സും ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ചേട്ടൻ ആൻഡ് ഏട്ടൻ’ എന്ന കുറിപ്പോടെയാണ് പോസ്റ്റ്.
ഇരുവരും തമ്മിലുള്ള സെൽഫി മറ്റൊരു കൗതുകത്തിനും കാരണമാണ്. കഴിഞ്ഞ വർഷം സ്വയം മോഹൻലാലിനോടു ഉപമിച്ച് സഞ്ജു നടത്തിയ പ്രസ്താവന ഏറെ ചർച്ചയായിരുന്നു. ബാറ്റിങ് ഓർഡറുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് താൻ ഏത് റോളും ചെയ്യുമെന്നു സഞ്ജു ലാലേട്ടനുമായി താരതമ്യം ചെയ്തു നടത്തിയത്. അഭിമുഖത്തിൽ സഞ്ജു മോഹൻലാൽ സാംസൺ എന്നാണ് മലയാളി താരം സ്വയം വിശേഷിപ്പിച്ചത്.