കൊച്ചി: മമ്മൂട്ടിയുടെ ‘കാതോട് കാതോരം’ പദ്ധതിയിലൂടെ കേൾവിയുടെ പുതിയ ലോകത്തേക്ക് ചുവടുവെച്ച മിഖായേലിനും മിഹോക്കിനും ആശംസ നേരാൻ പുല്ലാങ്കുഴൽ കലാകാരൻ രാജേഷ് ചേർത്തല എത്തി. കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയ്ക്കുശേഷമുള്ള ഓഡിറ്ററി വെർബൽ തെറാപ്പി പരിശീലനത്തിനായി രാജഗിരി ആശുപത്രിയിൽ എത്തിയതായിരുന്നു ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശികളായ ഈ കുരുന്ന് സഹോദരങ്ങൾ. അതിനിടെയാണ് പുല്ലാങ്കുഴൽ കലാകാരൻ രാജേഷ് ചേർത്തല അപ്രതീക്ഷിതമായി അവരെ തേടിയെത്തിയത്.
“വെണ്ണില ചന്ദനക്കിണ്ണം” എന്ന ഗാനത്തിന്റെ ഈണങ്ങൾ ഓടക്കുഴലിലൂടെ വായിച്ചായിരുന്നു ആ സർപ്രൈസ് എൻട്രി. ആദ്യം അമ്പരന്നെങ്കിലും, പിന്നീട് മൂത്തകുട്ടി മീഖായേൽ മുന്നിലിരുന്ന കളിപ്പാട്ടത്തിൽ താളം പിടിച്ചത് ചുറ്റുംനിന്നവരുടെ കണ്ണ് നിറച്ചു. രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളിയും ആ നിമിഷത്തിന് സാക്ഷിയാകാൻ എത്തിയിരുന്നു.
ആലുവ രാജഗിരി ആശുപത്രിയും മമ്മൂട്ടിയുടെ ‘കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും’ ചേർന്ന് സൗജന്യമായി നടത്തിയ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയാണ് ഈ കുഞ്ഞുങ്ങൾക്ക് ശബ്ദത്തിന്റെ ലോകം സമ്മാനിച്ചത്. രാജഗിരി ആശുപത്രി ഇ.എൻ.ടി, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോർജ്, ഇ.എൻ.ടി സർജൻ ഡോ. സജിത്ത് അബ്രാഹാം, ഇംപ്ലാന്റ് കോർഡിനേറ്റർ എൽജി എം മാത്യു, സീനിയർ ഓഡിയോളജിസ്റ്റ് അബിൻ ലാസർ, മാതാപിതാക്കളായ ബോബിന, സോനു എന്നിവരും പങ്കെടുത്തു.

















