Kerala

ഇനി വിമാനസമാന യാത്ര; ആഢംബര ബസ് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി | ksrtc-luxury-travel-service-starts-in-kerala-with-airline-like-road-journey-experience

എല്ലാവിധ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടും കൂടിയാണ് ബസ് നിരത്തിലിറങ്ങുന്നത്

തിരുവനന്തപുരം – എറണാകുളം റൂട്ടില്‍ KSRTCയുടെ പുതിയ എസി എക്‌സിക്യൂട്ടീവ് വോള്‍വോ ആഢംബര ബസ് സര്‍വീസ് ആരംഭിച്ചു. തലസ്ഥാനത്ത് നിന്ന് രാവിലെ അഞ്ചരയോടെയാണ് ബസ് യാത്ര ആരംഭിച്ചത്. കൊല്ലം – ആലപ്പുഴ വഴി രാവിലെ 9.45 ബസ് എറണാകുളത്ത് എത്തും. വിമാനയാത്രയ്ക്ക് സമാനമായ പ്രീമിയം സൗകര്യങ്ങളാണ് ബസില്‍ സജ്ജീകരിച്ചിട്ടുള്ളത്. വൈകുന്നേരം അഞ്ചരയ്ക്ക് എറണാകുളത്ത് നിന്നും തിരിയ്ക്കുന്ന ബസ് രാത്രി 9.45ഓടെ തിരുവനന്തപുരത്ത് തിരിച്ചെത്തുകയും ചെയ്യും. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലാകും സര്‍വീസ് ഉണ്ടാവുക. കെഎസ്ആര്‍ടിസിയുടെ ഏറ്റവും പുതിയ സംരംഭം മുഴുവനായും ബിസിനസ് ക്ലാസ് വിഭാഗത്ത് പെട്ടതാണ്. എല്ലാവിധ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടും കൂടിയാണ് ബസ് നിരത്തിലിറങ്ങുന്നത്.

തിരുവനന്തപുരത്ത് നിന്നും സർവീസ് ആരംഭിച്ച് കൊല്ലം അയത്തില്‍ , ആലപ്പുഴ കോമാടി, ഹൈക്കോടതി വഴിയാണ് ബസ് എറണാകുളത്ത് എത്തുക. കൊല്ലം ആലപ്പുഴ, തോപ്പുംപടി എന്നിവിടങ്ങളില്‍ ബസിന് സ്റ്റോപ്പുണ്ട്. ഇതേ സര്‍വീസ് ശനി, ഞായര്‍ ദിവസങ്ങളില്‍ ഗുരുവായൂരിലേക്ക് നീട്ടാനുള്ള ഒരു ആലോചനയും കെഎസ്ആര്‍ടിസിക്കുണ്ട്. ഏറ്റവും സുഗമമായ യാത്ര ഉറപ്പാക്കാന്‍ 39 റിക്ലൈനര്‍ സീറ്റുകളാണ് ബസിലുള്ളത്. കാലുകള്‍ നീട്ടിയിരിക്കാനുള്ള സൗകര്യവും ഇതിനൊപ്പമുണ്ട്. പ്രാദേശിക ഗതാഗത സര്‍വീസുകളില്‍ ആദ്യമായാണ് നിരവധി പ്രത്യേകതകളുള്ള ആഢംബര ബസ് നിരത്തിലിറക്കുന്നത്. നാലു മണിക്കൂര്‍ യാത്രയ്ക്കിടെ മികച്ച അനുഭവം നല്‍കാന്‍ ഓരോ സീറ്റിന് പിന്നിലും എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍ സംവിധാനം ഉണ്ടാകും. മിനി പാന്‍ട്രി, മിനി റെഫ്രിജറേറ്റര്‍, കോഫി മേക്കര്‍, ദീര്‍ഘദൂര യാത്രയായതിനാല്‍ ടോയിലറ്റ് സംവിധാനം എന്നിവ ബസിലുണ്ട്. ഇതിന് പുറമേ സൗജന്യ വൈ – ഫൈ, ഓരോ സീറ്റിലും യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

യാത്രക്കാര്‍ക്ക് ഒന്നിലധികം രീതികളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന സൗകര്യവുമുണ്ട്. ഉടനടി ബുക്ക് ചെയ്യാന്‍ വാട്‌സ്ആപ്പിലൊരു ‘Hi'(ഹായ്) അയച്ചാല്‍ മതി. 9447071021 എന്ന നമ്പറിലേക്കാണ് സന്ദേശം അയക്കേണ്ടത്. കെഎസ്ആര്‍ടിസി വെബ് പോര്‍ട്ടൽ, ‘Ente KSRTC'(എന്റെ കെഎസ്ആര്‍ടിസി) നീയോ OPRS മൊബൈല്‍ ആപ്പ്, കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക റിസര്‍വേഷന്‍ കൗണ്ടർ എന്നിവ വഴിയും ടിക്കറ്റെടുക്കാം. ടിക്കറ്റ് ചാര്‍ജ് ഏകദേശം 500 – 600 രൂപയാണ്. വന്ദേഭാരത് എക്‌സ്പ്രസിന്റെ അതേസമയത്തോടടുത്താണ് പുതിയ കെഎസ്ആർടിസി സര്‍വീസും യാത്ര നടത്തുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ വന്ദേഭാരതില്‍ 690രൂപയാണ് ടിക്കറ്റ് ചാര്‍ജ്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്താണ് കെഎസ്ആർടിസി പ്രീമിയം ബസ് വാങ്ങുന്നത്. പ്രാഥമിക ഘട്ടത്തില്‍ ബിസിനസ് ക്ലാസ് സര്‍വീസായാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ എക്‌സിക്യൂട്ടീവ് ക്ലാസെന്ന് സര്‍വീസിനെ പുനര്‍നാമകരണം ചെയ്യുകയായിരുന്നു. വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗത്തിന് സമാനമായി ബസില്‍ ഒരു ബസ് ഹോസ്റ്റസിനെ നിയമിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ജീവനക്കാരെയാണ് ഈ ചുമതല ഏല്‍പ്പിക്കുക. ഈ ബസിനൊപ്പം വാങ്ങിയ രണ്ടാമത്തെ ബസ് നിലവില്‍ ആലപ്പുഴ – ബെംഗളുരു റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്.