തൃശൂര്‍ പൂരവും, പുലിക്കളിയും രണ്ടും ഒഴിച്ചു നിര്‍ത്തിയുള്ള ആഘോഷത്തെ കുറിച്ച് മലയാളിക്ക് ചിന്തിക്കാനാവില്ല. ഓണത്തിന് ഓണത്തപ്പനെ വലവേല്‍ക്കാന്‍ പുലിക്കളി നിര്‍ബന്ധമാണ്. എന്നാല്‍, ഇതുവരെയും ഉണ്ടാകാത്ത ഒരു വിമര്‍ശനം നടനും സാസ്‌ക്കാരിക പ്രവര്‍ത്തകനുമായ വി.കെ. ശ്രീരാമനില്‍ നിന്നുണ്ടായതാണ് വ്യാപകമായ വിമര്‍ശനങ്ങള്‍ വേദിയാക്കിയിരിക്കുന്നത്. ഇതിനെതിരേ കേന്ദ്രസഹമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയും രംഗത്തു വന്നു കഴിഞ്ഞു.
‘കണ്ടാല്‍ ഓക്കാനം വരുന്ന കലാ വൈകൃതം എന്നാണ് പുലിക്കളിയെ നടന്‍ നടന്‍ വി.കെ.ശ്രീരാമന്‍ വിശേഷിപ്പിച്ചത്. പുരുഷന്മാര്‍ക്കു മാറും വയറും വളരുന്നതു രൂപ വൈകൃതമാണെന്നും കലയ്ക്കുവേണ്ടി വൈകൃതത്തെ ഉപയോഗിക്കുന്നത് ആഭാസമാണെന്നും ശ്രീരാമന്‍ കുറിച്ചു. ഇതുപോലൊരു കലാവൈകൃതം ലോകത്ത് ഒരിടത്തുമില്ല. ഈ കുംഭകുലുക്കിക്കളിയെ ശാര്‍ദൂലവിക്രീഡിതം എന്നാണു പറയുന്നതെന്നും ശ്രീരാമന്‍ ഫെയ്സ്ബുക് പോസ്റ്റില്‍ കുറിച്ചു’.
ഇതാണ് വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരിക്കുന്നത്. ഓക്കാനം വരുന്നു എന്നതാണ് പ്രധാനമായും പ്രശ്‌നമായിരിക്കുന്നത്. പുലിക്കളിക്കെതിരെ നടന്‍ വി.കെ. ശ്രീരാമന്‍ ആക്ഷേപം ഉന്നയിക്കുമെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അങ്ങനെയുണ്ടെങ്കില്‍ അതു സങ്കടകരമാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂര്‍ പൂരത്തിനോളം വലിപ്പമുള്ള ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണെന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ. വി.കെ.ശ്രീരാമന്റെ ഫെയ്സ്ബുക് കുറിപ്പിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ആ കലാരൂപത്തിനുള്ള പ്രസക്തി കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെ ധനസഹായം അനുവദിച്ചത്.
കഴിഞ്ഞ ദിവസമാണ് 24 ലക്ഷം രൂപ പുലിക്കളി സംഘങ്ങള്‍ക്കു കൈമാറിയത്. ഒരു കലാകാരന്‍ എന്ന നിലയില്‍ പുലിക്കളി എനിക്കു പണ്ടേ ഇഷ്ടമാണ്. പാവങ്ങളാണ് ഈ കലാപ്രകടനവുമായി സമൂഹത്തെ ആനന്ദിപ്പിക്കാന്‍ എത്തുന്നത്. പുലിക്കളി ജനങ്ങളുടെ ഉത്സവമാണെന്നു പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയാണു രാജ്യസഭാംഗമായിരുന്നപ്പോള്‍ 1 ലക്ഷം രൂപ വീതം സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ വഴി പുലിക്കളി സംഘങ്ങള്‍ക്കു നല്‍കിയത്. പിന്നീട് 50,000 രൂപ വീതം ഞാന്‍ നേരിട്ടും നല്‍കിയിരുന്നു. പിന്നീട് ടൂറിസം സഹമന്ത്രി ആയപ്പോഴാണ് കൂടുതല്‍ തുക അനുവദിപ്പിക്കാന്‍ കഴിഞ്ഞതെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, പുലിക്കളി സംഘങ്ങള്‍ ശ്രീരാമനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പുലികളി പലര്‍ക്കും ജീവിതമാര്‍ഗമാണെന്നും സിനിമയില്‍ കഥാപാത്രത്തിനു വേണ്ടി തടി കൂട്ടുകയും കുറക്കുകയും ചെയ്യുന്ന താരങ്ങളെ കുറിച്ച് എന്താണ് അഭിപ്രായം എന്നുമെല്ലാം കമന്റായി വിമര്‍ശകര്‍ അഭിപ്രായം രേഖപ്പെടുത്തി.

















